‘അഡ്ജസ്റ്റ്‌മെന്റ്‌ കാര്യങ്ങള്‍ക്കോ, കിടക്ക പങ്കിടാനോ ആവശ്യപ്പെട്ടാല്‍ തയ്യാറാണോ’; കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തി പേരാമ്പ്ര സ്വദേശിയായ പെണ്‍കുട്ടി


പേരാമ്പ്ര: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെതിരെ നിരവധി പേര്‍ രംഗത്ത്. പേരാമ്പ്ര സ്വദേശി കെ.അമൃതയാണ് ചലച്ചിത്ര നിര്‍മാതാവിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമൃതയുടെ തുറന്ന് പറച്ചില്‍.

ഒരു വര്‍ഷമായി മലയാള സിനിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു അമൃത. ഇതിനിടെയിലുണ്ടായ മോശം അനുഭവങ്ങളാണ് അമൃത പങ്ക് വെച്ചത്.

അമൃതയുടെ വാക്കുകളിലേക്ക്

2023ലാണ് പരാതിക്കിടയായ സംഭവം. ഷൈജു എന്ന നിര്‍മാതാവ് ഒരു ദിവസം രാത്രി 10മണിക്ക് ഒരു സിനിമയുമായി ബന്ധപ്പെട്ട് സന്ദേശമയക്കുകയായിരുന്നു. എന്നാല്‍ രാത്രി വൈകിയതിനാല്‍ ഫോണ്‍ വിളിക്കാന്‍ പറ്റില്ലെന്നും വോയിസ് അയച്ചോളൂ, അല്ലെങ്കില്‍ രാവിലെ സംസാരിക്കാമെന്നും മറുപടി പറഞ്ഞു. എന്നാല്‍ മറുപടി കേട്ടയുടന്‍ തന്നെ ഷൈജു ഈ വര്‍ക്ക് ക്യാന്‍സല്‍ ചെയ്യാമെന്നും, വേറെ വര്‍ക്ക് നോക്കാമെന്നും പറഞ്ഞ് പോവുകയായിരുന്നു.

എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് ഷൈജു വീണ്ടും വിളിച്ച് ഒരു ക്യാരക്റ്റര്‍ റോളുണ്ടെന്ന് പറഞ്ഞു. അത്യാവശ്യം നല്ല ഡയലോഗും കാര്യങ്ങളുമുണ്ടെന്നും പറഞ്ഞു. എട്ട് ദിവസത്തെ വര്‍ക്കാണ്. അപര്‍ണ ബാലമുരളി, കുഞ്ചാക്കോ ബോബോന്‍, ടൊവീനോ തോമസ്, നിവിന്‍ പോളി ഇവരെല്ലാം ഉണ്ട്. ഒപ്പം മറ്റു ചില നടിമാരുടെ പേരും പറഞ്ഞു. അപര്‍ണ ബാലമുരളിയുടെ ക്ലോസ് ഫ്രണ്ടായിട്ടാണ് അമൃതയെ സെലക്ട് ചെയ്തത് എന്നും ഷൈജു പറഞ്ഞു. കേട്ടപ്പോള്‍ ഞാന്‍ ഓക്കെ, വരാം എന്നു പറഞ്ഞു.

എട്ട് ദിവസത്തെ വര്‍ക്കിനായി 2.40 ലക്ഷം രൂപ തരുമെന്നും എഗ്രിമെന്റ് എഴുതുമ്പോള്‍ 50,000 കൈയ്യില്‍ തരുമെന്നും ഷൈജു പറഞ്ഞു. ശേഷമായിരുന്നു അഡ്ജസ്റ്റ്‌മെന്റിനെ കുറിച്ച് ഷൈജു പറഞ്ഞത്. ഫിലിം ഫീല്‍ഡല്ലേ, അമൃതയ്ക്ക് അറിയാമല്ലോ, അഡ്ജസ്റ്റ്‌മെന്റ്‌ കാര്യങ്ങള്‍ ചോദിച്ചാല്‍ അമൃത തയ്യാറാണോ എന്ന് ഷൈജു ചോദിച്ചു. ഇത് കേട്ടയുടന്‍ തന്നെ എന്ത് അഡ്ജസ്റ്റ്‌മെന്റാണ് സര്‍ എന്ന് താന്‍ തിരിച്ച് ചോദിച്ചതായും അമൃത പറഞ്ഞു. എങ്ങാനും സംവിധായകന്റെ സൈഡില്‍ നിന്നോ, അല്ലെങ്കില്‍ വേറെ ആരെങ്കിലും ഫിസിക്കലി ആവശ്യപ്പെടുകയാണെങ്കില്‍ അഡ്ജസ്റ്റ്‌മെന്റ്‌ കാര്യങ്ങള്‍ക്കോ കിടക്ക പങ്കിടാനോ കൂടെ കിടക്കാനോ ആവശ്യപ്പെട്ടാല്‍ അമൃത തയ്യാറാണോ എന്നായിരുന്നു പിന്നീട് ഷൈജു ചോദിച്ചത്. എന്നാല്‍ താന്‍ അങ്ങനെ ഉദ്ദേശിച്ചല്ല ഫിലിം ഫീല്‍ഡിലേക്ക് വന്നതെന്നും എനിക്ക് അഭിനയിക്കാന്‍ നല്ല താല്‍പര്യമുണ്ടെന്നും മറുപടി പറഞ്ഞു.

മറുപടി കേട്ട ഷൈജു സാരമില്ല അമൃത, അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായ വേറെ ആളുകള്‍ ഉണ്ടെന്ന് മറുപടി പറഞ്ഞു. മാത്രമല്ല ഈ സംഭവം കഴിഞ്ഞ് 3-4 മാസം കഴിഞ്ഞ് വീണ്ടും ഇത്തരം ഒരു അനുഭവം ഉണ്ടായാതായി അമൃത പറയുന്നുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന് പരിചയപ്പെടുത്തി രാഹുല്‍ എന്നയാളായിരുന്നു അന്ന് വിളിച്ചത്. ഒരു ക്യാരക്റ്റര്‍ റോളുണ്ട് എന്ന് പറഞ്ഞായിരുന്നു കോള്‍. നിവിന്‍ പോളിയുടെ സിനിമയാണ്. കുറച്ച് കൂടുതല്‍ ദിവസം വേണ്ടിവരുമെന്നും പറഞ്ഞു. എന്നാല്‍ ഇയാളോട് അഡ്ജസ്റ്റ്‌മെന്റ് ഉണ്ടോയെന്ന്‌ താന്‍ തിരികെ ചോദിച്ചതായും അമൃത പറഞ്ഞു. ഇത് കേട്ടയുടന്‍ തന്നെ ഇയാള്‍ ചൂടായെന്നും തങ്ങള്‍ അത്തരക്കാരല്ലെന്നും, സൂപ്പര്‍ ശരണ്യ പോലുള്ള സിനിയില്‍ വര്‍ക്ക് ചെയ്തവരാണെന്നും മറുപടി പറഞ്ഞു.

തുടര്‍ന്ന് പിറ്റേന്ന് ഇയാള്‍ വീണ്ടും വിളിച്ചു. എന്നിട്ട് സിനിമയിലേക്ക് അമൃത തെരഞ്ഞെടുത്തെന്നും മറ്റു ചില സിനിമകളില്‍ അഭിനയിക്കാന്‍ കുറച്ച് പെണ്‍കുട്ടികളെ വേണമെന്നും പറഞ്ഞു. അതിനനുസരിച്ച് താന്‍
നല്‍കിയ നമ്പറുകളില്‍ വിളിച്ച് രാഹുല്‍ പെണ്‍കുട്ടികളെ സമീപിക്കുകയും ചെയ്തു. ശേഷം എന്നെ
വിളിച്ച രാഹുല്‍ പെണ്‍കുട്ടികള്‍ പാവമാണെന്നും താന്‍ അഡ്ജസ്റ്റ്‌മെന്റ് ഒഴിവാക്കിക്കൊടുത്തെന്നും പറഞ്ഞു. ഇതോടെ സംശയം തോന്നിയ താന്‍ വീണ്ടും പെണ്‍കുട്ടികളെ വിളിച്ച് സൂക്ഷിക്കണം, ഉടായിപ്പ് ആണോയെന്ന് നോക്കണമെന്നും നിര്‍ദ്ദേശം കൊടുത്തു. എന്നാല്‍ ഇതിന് പിന്നാലെ രാഹുല്‍ വിളിച്ച് എങ്ങാനും അഡ്ജസ്റ്റ്‌മെന്റിന് ചോദിച്ചാലോ, നീ ഒന്ന് അവരെ പറഞ്ഞ് സെറ്റാക്കുമോ എന്ന് ചോദിച്ചു. ഉടന്‍ തന്നെ താന്‍ അത്തരക്കാരിയല്ലെന്നും പറ്റില്ലെന്നും മറുപടി പറഞ്ഞു.

സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഷ് എസ്.ഐ കെ.പ്രദീപും സംഘവും വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തതായാണ് വിവരം. പരാതി എഴുതി നല്‍കിയാല്‍ എഫ്.ഐ.ആര്‍ ഇടുമെന്നാണ് ലഭിക്കുന്ന വിവരം. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അമൃത സംഘത്തോട് പറഞ്ഞു. അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്‍കുമെന്ന് അവര്‍ വ്യക്തമാക്കി.

Description:A girl from Perambra reveals about the casting couch from the Malayalam movie