കേരളത്തിലെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകൾ നൽകിയ പ്രതിഭ; ഡോ. എംജിഎസ് നാരായണൻ വിട വാങ്ങി


കോഴിക്കോട്: ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിൽ ആയിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് വിയോഗം.

ഒന്നരപതിറ്റാണ്ടോളം കാലിക്കറ്റ് സർവ്വകലാശാലയുടെ ചരിത്രവിഭാഗം മേധാവിയായിരുന്നു. സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീ സെന്ററിന്റെ ഡയറകടറായി പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ ചരിത്രകോൺഗ്രസ് ജനറൽ സെക്രട്ടറി, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മെമ്പർ സെക്രട്ടറി-ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ലണ്ടൻ സർവകലാശാല കോമൺവെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, മോസ്‌കോ ലെനിൻഗ്രാഡ് സർവകലാശാലകളിൽ വിസിറ്റിങ് ഫെലോ, ടോക്യോവിൽ വിസിറ്റിങ് പ്രൊഫസർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചിരുന്നു.

കേരളത്തിലെ ചേര പെരുമാളുകളെ പരാമർശിക്കുന്ന നിരവധി മധ്യകാല വട്ടെഴുത്തു ലിഖിതങ്ങൾ എംജിഎസ് കണ്ടെത്തി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യൻ ചരിത്രപരിചയം, സാഹിത്യ അപരാധങ്ങൾ, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ, കോഴിക്കോടിന്റെ കഥ, സെക്കുലർ ജാതിയും സെക്കുലർ മതവും, ജനാധിപത്യവും കമ്മ്യൂണിസവും, പെരുമാൾസ് ഓഫ് കേരള എന്നിവയാണ് പ്രമുഖ പുസ്തകങ്ങൾ. കേരളത്തിലെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകൾ നൽകിയ പ്രതിഭയാണ് എംജിഎസ് നാരായണൻ. 2019 ൽ എംജിഎസിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ജാലകങ്ങൾ എന്ന് പുസ്തകത്തിനാണ് പുരസ്കാരം.