കമ്മീഷൻ വാ​ഗ്ദാനം ചെയ്ത് യുവാക്കളെ സാമ്പത്തിക തട്ടിപ്പിന് പ്രേരിപ്പിക്കുന്ന സംഘം വടകര മേഖലയിൽ വ്യാകമാകുന്നു; കെണിയിപ്പെട്ടാൽ ഉത്തരേന്ത്യൻ ജയിലുകളിലെ അഴികളെണ്ണേണ്ടി വരും, യുവാക്കളും രക്ഷിതാക്കളും ജാ​ഗ്രത പുലർത്തണമെന്ന് പോലിസ്


വടകര: കമ്മീഷൻ വാ​ഗ്ദാനം ചെയ്ത് യുവാക്കളെ സാമ്പത്തിക തട്ടിപ്പിന് പ്രേരിപ്പിക്കുന്ന സംഘം വടകര മേഖലയിൽ വ്യാകമാകുന്നതായി പോലിസ്. യുവാക്കളുടെ പേരിൽ അക്കൗണ്ട് തുടങ്ങുകയും ഓൺലൈൻ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന തുക ഈ അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്ത് എ.ടി.എം വഴി പിൻവലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ ആണ് സാമ്പത്തിക തട്ടിപ്പിന്റെ രീതി. ഓരോ ഇടപാടിനും കമീഷൻ ലഭിക്കും എന്നതാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്.

വടകര, വില്യാപ്പള്ളി, കാർത്തികപള്ളി, കോട്ടപ്പള്ളി പ്രദേശങ്ങളിലെ ഏതാനും വിദ്യാർഥികളെയും യുവാക്കളെയും രാജസ്ഥാൻ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരോട് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ഒരാൾ നിർദേശിക്കുകയായിരുന്നു. അക്കൗണ്ടിന്റെ എ.ടി.എം കാർഡും പിൻ നമ്പറും നൽകണമെന്നും നൽകിയാൽ 10,000 രൂപ മുതൽ 25,000 രൂപ വരെ അക്കൗണ്ട് ഹോൾഡർക്ക് ലഭിക്കുന്നതാണെന്നും പറഞ്ഞാണ് വലയിലാക്കിയത്. ഈ സംഭവത്തിന് ശേഷമാണ് ഇത്തരം സംഘങ്ങളെ കുറിച്ച് പുറംലോകം അറിയുന്നത്.

ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ ഇവരുടെ അക്കൗണ്ടിലൂടെ നടന്നതായാണ് വിവരം. വിദ്യാർഥികൾ അക്കൗണ്ട് വിവരങ്ങളും എ.ടി.എം പിൻ നമ്പറും ഈ വ്യക്തിക്ക് നൽകുകയായിരുന്നു. തുടർന്ന് വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ എത്താൻ തുടങ്ങി. വിദ്യാർഥികളുടെ എ.ടി.എം ഉപയോഗിച്ച്‌ എ.ടി.എം ലഭിച്ച വ്യക്തി പണം പിൻവലിക്കുകയും കമീഷൻ തുക കുട്ടികൾക്ക് നൽകുകയും ചെയ്തു. എന്നാൽ, അക്കൗണ്ടിലേക്ക് വന്ന ലക്ഷക്കണക്കിന് രൂപ ഭോപാലിലുള്ള പല വ്യക്തികളിൽനിന്നും ഓൺലൈനിലൂടെ തട്ടിയെടുത്തതായിരുന്നു. ഇത്തരത്തിൽ നിരവധി കേസുകൾ അവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

യുവാക്കൾ തട്ടിപ്പ് സംഘത്തിലെ സെക്കൻഡ് ലെയറാണ്. പലരും കമ്മീഷൻ ലഭിക്കും എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇതിലേക്ക് ഇറങ്ങി തിരിക്കുന്നതെന്ന് വടകര സിഐ സുനിൽകുമാർ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. കോളേജിൽ പഠിക്കുന്ന കുട്ടികൾക്ക് അവരുടെ ചെലവിനുള്ള പോക്കറ്റ് മണി ലഭിക്കും, പെട്ടെന്ന് എളുപ്പ വഴിയിലൂടെ സമ്പാദിക്കാം ഇതെക്കെയാണ് തട്ടിപ്പ് സംഘം യുവാക്കളെ വലയിൽപ്പെടുത്താൻ ഉപയോ​ഗിക്കുന്ന വാചകങ്ങൾ. ഇത്തരം സംഘത്തിന്റെ കെണിയിൽ അകപ്പെട്ടാൽ ഉത്തരേന്ത്യൻ ജയിലുകളിലേക്കാണ് പോകേണ്ടി വരികയെന്നും രക്ഷിതാക്കളും യുവാക്കളും ജാ​ഗ്രത പുലർത്തണമെന്നും സിഐ വ്യക്തമാക്കി.

ഉത്തരേന്ത്യയിലെ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കൂടുതലും പ്രതികളായി വരുന്നത് മലയാളി യുവാക്കൾ ആണെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത വിദ്യാർഥികൾക്കെതിരെ സാമ്പത്തിക ക്രമക്കേടാണ് രാജസ്ഥാൻ പോലിസ് കുറ്റം ചുമത്തിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ തട്ടിപ്പുസംഘത്തിന്റെ വലയിൽപെട്ടതായാണ് വിവരം. സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

[mid5]

Description: A gang is rampant in Vadakara region, encouraging youths to commit financial fraud by offering them commission; Cops warn youths and parents to be vigilant if caught in North Indian jails

[mid6]