ഇരുമുന്നണികളും നേര്‍ക്കുനേര്‍, അംഗം മുറുകി: ഉപതെരഞ്ഞെടുപ്പ് ചൂടില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്: കക്കറമുക്കമുക്ക് ആരോടൊപ്പം?
പേരാമ്പ്ര: ഉപതെരഞ്ഞെടുപ്പ് ചൂടില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്. യു.ഡി.എഫിന് പിന്നാലെ എല്‍.ഡി.എഫും തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ചെറുവണ്ണൂര്‍ പഞ്ചായത്ത് 15ാം വാര്‍ഡായ കക്കറമുക്ക് ഉപതെരഞ്ഞെടുപ്പ് രംഗം സജീവമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
എല്‍.ഡി.എഫ് ഇന്നലെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കെ.സി. ആസ്യയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. സി.പി.ഐ പ്രാദേശിക നേതാവിന്റെ ഭാര്യയായ ആസ്യ കുടുംബശ്രീ പ്രവര്‍ത്തക കൂടിയാണ്. 12ന് കക്കറ മുക്കില്‍ നടക്കുന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വൈകീട്ട് അഞ്ച് മണിക്ക് ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വനിതലീഗ് പഞ്ചായത്ത് സെക്രട്ടറിയും കക്കറമുക്ക് സ്വദേശിയുമായ പി. മുംതാസാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഭരണത്തെ തന്നെ സാധീനിക്കുന്ന തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ 11 വോട്ടിന് കൈവിട്ടു പോയ വാര്‍ഡ് പിടിച്ചെടുക്കുന്നതോടൊപ്പം നറുക്കെടുപ്പിലൂടെ ലഭിച്ച പഞ്ചായത്ത് ഭരണം നിലനിര്‍ത്തുക എന്നലക്ഷ്യത്തോടെയാണ് യു.ഡി.എഫ് മത്സരത്തിനൊരുങ്ങുന്നത്. ഇവര്‍ ചൊവ്വാഴ്ച പ്രചാരണമാരംഭിക്കുകയും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ ഉള്‍പ്പെടെ കയറി അനുഗ്രഹം വാങ്ങുകയും ചെയ്തു. ഒമ്പത്, 10 തീയതികളില്‍ രണ്ട് ബൂത്ത് കണ്‍വെന്‍ഷനുകള്‍ നടക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
ബി.ജെ.പി, എസ്.ഡി.പി.ഐ എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ടാവും. ബുധനാഴ്ചയാണ് ഇരുമുന്നണി സ്ഥാനാര്‍ത്ഥികളും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.
ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.ഐയിലെ ഇ.ടി. രാധ അസുഖ ബാധിതയായി മരണപ്പെട്ടതിനെ തുടര്‍ന്നാണ് 15-ാം വാര്‍ഡായ കക്കറമുക്കില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും. മാര്‍ച്ച് ഒന്നിന് വോട്ടെണും.