‘കുട്ടിക്കൂട്ടുകാര്‍ക്കൊപ്പം ഒരു ആകാശ യാത്ര’; വിമാന യാത്രയ്‌ക്കൊരുങ്ങി പേരാമ്പ്ര ഗവ.വെല്‍ഫെയര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍


പേരാമ്പ്ര: മേഘങ്ങള്‍ക്കിടയിലൂടെ വിമാനം പറന്നുയരുന്നത് സ്വപനം കണ്ട് അവര്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ്. പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളിലെ കുട്ടികളാണ് ഈമാസം 16ന് വിമാനത്തില്‍ പറക്കാന്‍ ഒരുങ്ങുന്നത്. സ്‌കൂളിലെ ആറ് കുട്ടികളും അഞ്ച് രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന 25 അംഗസംഘമാണ് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ യാത്ര ചെയ്യുക. നിയമസഭാമന്ദിരവും മാജിക് പ്ലാനറ്റ്, മൃഗശാല തുടങ്ങി പ്രധാന സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ച് 18ന് തീവണ്ടിയില്‍ തിരികെയെത്തും. കുട്ടികളുടെ യാത്ര ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ. ഫ്‌ളാഗ് ഓഫ് ചെയ്യും.

സാധാരണ സര്‍ക്കാര്‍ സ്‌കൂളിനെപ്പോലെ തന്നെ എല്ലാ സൗകര്യങ്ങളുണ്ടായിട്ടും ആദ്യകാലങ്ങളില്‍ എല്ലാവരും ഒന്നിച്ചുപഠിച്ച സ്‌കൂള്‍ ക്രമേണ സാംബവവിഭാഗത്തില്‍പ്പെടുന്നവര്‍ മാത്രമായി ചുരുങ്ങുകയായിരുന്നു. തുടർന്ന് ഇങ്ങോട്ട് വര്‍ഷങ്ങളായി ഈ സ്‌കൂളില്‍ കുട്ടികള്‍ കുറവാണ്. കുറേക്കാലമായി സ്‌കൂളിനോട് ചേര്‍ന്ന സാംബവ വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ് പഠിക്കാനെത്തുന്നവരില്‍ ഭൂരിഭാഗവും. ഈ വര്‍ഷവും സാംബവവിഭാഗത്തില്‍പ്പെട്ട ആറ് കുട്ടികള്‍ മാത്രമാണ് സ്‌കൂളില്‍ പഠിക്കുന്നത്.

ഇതേത്തുടര്‍ന്ന് വിദ്യാലയത്തിന്റെ മുന്നേറ്റത്തിനായി പേരാമ്പ്ര ബി.ആര്‍.സി., പൊതുവിദ്യാഭ്യാസവകുപ്പ്, പഞ്ചായത്ത് എന്നിവരെല്ലാം ചേര്‍ന്ന് കുട്ടികള്‍ക്കായി വിവിധപദ്ധതികള്‍ ആവഷ്‌കരിക്കുകയായിരുന്നു. അധ്യാപകരുടെയും പൊതുജനങ്ങളുടെയും സാമ്പത്തികസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ‘കുട്ടിക്കൂട്ടുകാര്‍ക്കൊപ്പം ഒരു ആകാശ യാത്ര’യെന്നപേരില്‍ പഠനവിനോദയാത്ര ഒരുക്കിയിരിക്കുന്നത്.

ആദ്യഘട്ടമെന്ന നിലയില്‍ കുട്ടികള്‍ക്ക് സമൃദ്ധമായ ഭക്ഷണം നല്‍കുന്ന ‘സമൃദ്ധം’ പദ്ധതിയ്ക്കായിരുന്നു തുടങ്ങിയിരുന്നത്. രാവിലെയും ഉച്ചയ്ക്കും വൈകീട്ടും പുട്ട്, ദോശ, ഇഡ്ഡലി, പത്തിരി, പഴംപൊരി, ചോറ് ചിക്കന്‍, മുട്ട, തോരന്‍, എരശ്ശേരി, നട്‌സ്, ഹോര്‍ലിക്‌സ് തുടങ്ങി പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്ന ഈ പദ്ധതി കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമാനയാത്ര.

എ.ഇ.ഒ., ബി.പി.സി., പഞ്ചായത്തംഗം, ബി.ആര്‍.സി. പ്രവര്‍ത്തകര്‍, പഞ്ചായത്തുതല വിദ്യാഭ്യാസ സമിതി ഇംപ്ലിമെന്റിങ് ഓഫീസര്‍ എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കും. റോട്ടറി ക്ലബ്ബിന്റെ സഹകരണവുമുണ്ട്. തുടര്‍ന്നും നിരവധി പദ്ധതികള്‍ ഒരുക്കാന്‍ തീരുമാനിച്ച് വരികയാണെന്നും പ്രധാനാധ്യാപിക ശ്യാമലത പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Also read: രാവിലെ ഇഡ്ഡലി സാമ്പാര്‍, ഉച്ചയ്ക്ക് ചോറ് ചിക്കന്‍കറി തോരന്‍, വൈകുന്നേരം പഴം പുഴുങ്ങിയതും ഹോര്‍ലിക്‌സും, ഭക്ഷണ മെനു നീളുന്നു; സമൃദ്ധം പദ്ധതിയില്‍ വയറും മനസ്സും നിറഞ്ഞ് പേരാമ്പ്ര ഗവ.വെല്‍ഫെയര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍