വടകര കരിമ്പനപ്പാലത്ത് ഇന്റസ്ട്രിയൽ എസ്റ്റേറ്റിലെ സ്ഥാപനത്തിൽ തീപ്പിടുത്തം; ഇലക്ട്രിക് സ്കൂട്ടറും കാറും കത്തി നശിച്ചു


വടകര: കരിമ്പനപ്പാലത്ത് ഇന്റസ്ട്രിയൽ എസ്റ്റേറ്റിലെ സ്ഥാപനത്തിൽ തീപ്പിടുത്തം. ജെ ഡി എച്ച് കാർ കെയർ ആന്റ് സ്പെയർ എന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. രാത്രി പതിനൊന്നേ മുക്കാലോടെയായിരുന്നു സംഭവം. സ്ഥാപനത്തിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് സമീപത്തെ കെടിഡിസി ആഹാർ റസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ അ​ഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.

വടകരയിൽ നിന്നും അ​ഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്ത് എത്തി. സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് അകത്ത് കടന്നപ്പോൾ ഇലക്ട്രിക് സ്കൂട്ടറും ഒരു കാറും കത്തുകയായിരുന്നെന്ന് അ​ഗ്നി രക്ഷാ സേനാ ഓഫീസർ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. അരമണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കിയതിനാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരുന്നതെന്ന് തടയാൻ സാധിച്ചു. കാർ ഭാ​ഗികമായും ഇലക്ട്രിക് സ്കൂട്ടർ പൂർണമായും കത്തി നശിച്ചു. സ്ഥാപനത്തിനുള്ളിൽ വേറെയും വാഹനങ്ങൾ ഉണ്ടായിരുന്നു.

ഇലക്രിക് സ്കൂട്ടറിൽ നിന്ന് തീ ഉയർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നി​ഗമനം. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ലിജു, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ സഹീർ, അർജുൻ, ലിഖേഷ്, ബബീഷ്, ഡ്രൈവർമാരായ റിനീഷ്, സുബൈർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.