കല്പത്തൂരില്‍ റബര്‍ പുകപുരയ്ക്ക് തീപിടിച്ചു: അഗ്നിരക്ഷാസേനയുടെ സമയോജിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി


പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ കല്പത്തൂരില്‍ റബര്‍ പുകപുരയ്ക്ക് തീപിടിച്ചു. തക്കുമ്മല്‍ രാഘവന്‍ മാസ്റ്ററുടെ റബര്‍തോട്ടത്തിലെ പുകപുരയ്ക്കാണ് തീപിടിച്ചത്. പുകപ്പുരയില്‍ പുകയിട്ടതില്‍ നിന്നും തീ പടര്‍ന്നുപ്പിടിക്കുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം. പുകപുരയില്‍ സൂക്ഷിച്ചിരുന്ന ഏകദേശം 250 റബ്ബര്‍ ഷീറ്റ് കത്തി നശിച്ചു. പുകപുരയുടെ മേല്‍ക്കൂരയുടെ ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. ഉടന്‍ തന്നെ പേരാമ്പ്രയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍മാരായ കെ. പ്രദീപന്‍, പി.സി. പ്രേമന്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചതിനാല്‍ റബര്‍ത്തോട്ടത്തിലെ പുകപുരയില്‍ നിന്നും തോട്ടത്തിലേക്കും സമീപത്തെ വീട്ടിലേക്കും തീ പടരുന്നത് തടയാന്‍ സാധിച്ചു.

പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസ്സര്‍മാരായ എ. ഷിജിത്ത്, പി.ആര്‍. സോജു, പി.കെ. സിജീഷ്, എ.കെ. ഷിഗിന്‍ചന്ദ്രന്‍, കെ.പി. വിപിന്‍, എം.ജി. അശ്വിന്‍ ഗോവിന്ദ്, വി.കെ. ഷൈജു, കെ. അജേഷ്, ഹോംഗാര്‍ഡ് പി. മുരളീധരന്‍ എന്നിവര്‍ അഗ്‌നിപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.