മൂന്ന് മാസത്തിനിടെ 233 സ്ഥാപനങ്ങൾക്കായി ചുമത്തിയത് 7,75,500 രൂപയുടെ പിഴ; ഹൈജീൻ റേറ്റിംഗ് ഓഡിറ്റ് പൂർത്തിയാക്കി ജില്ലയിലെ 91 ഹോട്ടലുകൾ


കോഴിക്കോട്: 2024 ഒക്ടോബർ മുതൽ ഡിസംബർ വരെ ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ 1928 പരിശോധനകളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിർദ്ദേശങ്ങൾ പാലിക്കാത്ത 233 സ്ഥാപനങ്ങളിൽനിന്ന് 7,75,500 രൂപ പിഴ ചുമത്തി. ഇക്കാലയളവിൽ 300 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 1033 സർവെയ്ലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. വിധിയായ 34 അഡ്ജുഡിക്കേഷൻ കേസുകൾക്ക് 7.65 ലക്ഷം രൂപയും 17 പ്രോസിക്യൂഷൻ കേസുകൾക്ക് 7.89 ലക്ഷം രൂപ പിഴയും വിധിച്ചു.

ബുധനാഴ്ച ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന ഭക്ഷ്യസുരക്ഷ ജില്ലാ അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ മൂന്ന് മാസക്കാലയളവിൽ 7979 സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും 2191 ലൈസൻസും നൽകി. 960 ഹോട്ടൽ തൊഴിലാളികൾക്ക് ഫുഡ്‌ സേഫ്റ്റി ട്രെയിനിങ് & സർട്ടിഫിക്കേഷൻ വഴി പരിശീലനം നൽകി.

ഈറ്റ് റൈറ്റ് ചലഞ്ചിന്റെ ഭാഗമായി ജില്ലയിൽ 91 ഹോട്ടലുകൾ ഹൈജീൻ റേറ്റിംഗ് ഓഡിറ്റ് പൂർത്തിയാക്കി സർട്ടിഫൈ ചെയ്തതായി ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ എ സക്കീർ ഹുസൈൻ യോഗത്തിൽ അറിയിച്ചു. മൂന്ന് സ്കൂളുകൾ, ആറ് കോളേജ് ക്യാമ്പസുകൾ, രണ്ട് ക്ഷേത്രങ്ങൾ എന്നിവ യഥാക്രമം ഈറ്റ് റൈറ്റ് സ്കൂൾ, ഈറ്റ് റൈറ്റ് ക്യാമ്പസ്, ഈറ്റ് റൈറ്റ് പ്ലെയ്സ് ഓഫ് വർഷിപ്പ് ആയി സർട്ടിഫൈ ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഇതിൽ രണ്ട് സ്കൂളുകൾക്ക്- കീഴ്പ്പയ്യൂർ വെസ്റ്റ് എൽ പി സ്കൂൾ, അൽഫോൻസ് സീനിയർ സെക്കൻഡറി സ്കൂൾ താമരശ്ശേരി- എന്നിവയ്ക്കുള്ള എഫ്എസ്എസ്എഐ യുടെ ഈറ്റ് റൈറ്റ് സ്കൂൾ സർട്ടിഫിക്കറ്റ് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വിതരണം ചെയ്തു. ജില്ലയിലെ 45 സ്കൂളുകളിൽ ഷുഗർ ബോർഡുകൾ സ്ഥാപിച്ചു. ‘നിറമല്ല രുചി’ പ്രചാരണത്തിന്റെ ഭാഗമായി 23 ബോധവൽക്കരണ ക്ലാസുകൾ നടത്തി.

ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ്, ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ വ്യവസായ വകുപ്പ്, ക്രൈംബ്രാഞ്ച്, കൃഷി ഓഫീസ്, ഡിഡിഇ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.

Summary: A fine of Rs 7,75,500 was imposed on 233 institutions in three months; 91 hotels in the district have completed the hygiene rating audit