കടലിലെ ചെമ്മീന്‍ ഇനി മലയോരത്തും; ബയോഫ്‌ലോക് വനാമി ചെമ്മീന്‍കൃഷിയില്‍ വിജയഗാഥയുമായി ചക്കിട്ടപാറ നരിനടയില്‍ പെരിഞ്ചേരി കുഞ്ഞമ്മദ്


ചക്കിട്ടപാറ: ബയോഫ്‌ലോക് വനാമി ചെമ്മീന്‍ കൃഷിയില്‍ വിജയഗാഥ രചിച്ചുകൊണ്ട് ചക്കിട്ടപാറ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് നരിനടയിലെ കര്‍ഷകന്‍ പെരിഞ്ചേരി കുഞ്ഞമ്മദ്. കടലില്‍ വളരുന്ന വനാമി ചെമ്മീനുകള്‍ കുളങ്ങളില്‍ കൃഷി ചെയ്യുന്ന പദ്ധതി കേരളത്തില്‍ പലര്‍ക്കും വിജയം കൈവരിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെ തന്റെ കൃഷിയിടത്തിലെ കുളത്തില്‍ ആരംഭിച്ച ചെമ്മീന്‍ കൃഷിയില്‍ കുഞ്ഞമ്മദ് നേട്ടം കൈവരിച്ചത്.

വര്‍ഷങ്ങളായി മത്സ്യം വളര്‍ത്താറുള്ള കുഞ്ഞമ്മദ് കഴിഞ്ഞതവണ ചെമ്മീന്‍കൃഷിയിലും ഒരുകൈനോക്കാന്‍ തീരുമാനിക്കുകയായിരുന്നു. കമ്പിയും ഷീറ്റും ഉപയോഗിച്ച് വീട്ടുപറമ്പില്‍ അഞ്ച് വലിയടാങ്കുകള്‍ തയ്യാറാക്കി അറുപതിനായിരത്തോളം ചെമ്മീന്‍കുഞ്ഞുങ്ങളെ വളര്‍ത്തി. നാലുമാസം ശ്രദ്ധയോടെ പരിപാലിച്ച് വിളവെടുത്തപ്പോള്‍ കൃഷി വന്‍വിജയമായതിന്റെ സന്തോഷമാണ് വീട്ടുകാര്‍ക്കെല്ലാം.

ഒരു യൂണിറ്റ് കൃഷിചെയ്യാന്‍ രണ്ടരമുതല്‍ മൂന്നുലക്ഷംവരെ ചെലവുവരും. വിവിധ വിഭാഗത്തിലായി 40 മുതല്‍ 60 ശതമാനം വരെ സബ്സിഡിയുണ്ട്. വര്‍ഷത്തില്‍ മൂന്നുതവണ ചെമ്മീന്‍ വിളവെടുക്കാനാകും. ഏഴുവര്‍ഷത്തേക്ക് പദ്ധതി നടത്താന്‍ സഹായമുണ്ട്. തിലാപ്പി, വാള, അനാബസ്, വരാല്‍ തുടങ്ങിയ മൂവായിരത്തോളം മത്സ്യങ്ങള്‍ എട്ടുവര്‍ഷമായി കുഞ്ഞമ്മദ് വളര്‍ത്തുന്നുണ്ട്. പ്രത്യേക മിശ്രിതങ്ങളിട്ട് തയ്യാര്‍ചെയ്ത വെള്ളത്തിലാണ് ചെമ്മീന്‍കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. വിളവെടുത്തതെല്ലാം വാങ്ങിക്കൊണ്ടുപോകാന്‍ ആവശ്യക്കാരുള്ളതിനാല്‍ കൃഷിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

ചെമ്മീന്‍ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷനായി. ആര്‍.കെ. മുനീര്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, പഞ്ചായത്തംഗം ബിന്ദു സജി, ഫിഷറീസ് പ്രൊമോട്ടര്‍ ദില്‍ന, മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.