ഒരു കുടുംബത്തിന് നഷ്ടമായത് അവരുടെ ഏകമകനേയും അവനിലൂടെ അവർ കണ്ട സ്വപ്നങ്ങളും; റീൽസ് ചിത്രീകരണത്തിനിടെ കാറിടിച്ച് മരിച്ച കടമേരി സ്വദേശി ആൽവിന്റെ സംസ്ക്കാരം നാളെ ഉച്ചയോടെ
കടമേരി: കോഴിക്കോട് റീൽസ് ചിത്രീകരണത്തിനിടെ കാറിടിച്ച് മരിച്ച ആൽവിന്റെ സംസ്ക്കാരം നാളെ നടക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ കടമേരിയിലെ സ്വവസതിയിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. കാറടപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആൽവിൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരിച്ചത്.
തച്ചിലേരി താഴെക്കുനി ഹൗസിൽ സുരേഷ് ബാബു- സിന്ധു ദമ്പതികളുടെ ഏകമകനാണ് മരിച്ച ആൽവിൻ. ആൽവിന്റെ മരണത്തോടെ ഈ കുടുംബത്തിന്റെ പ്രതിക്ഷകളാണ് മങ്ങിയത്. വിസിറ്റിംങ് വിസയിൽ ഗൾഫിലേക്ക് പോയ ആൽവിൻ ഒരു മാസമായിട്ടില്ല നാട്ടിലെത്തിയിട്ടെന്ന് അയൽവാസി നാണു വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ഒന്നരമാസം ഗൾഫിൽ നിന്നിരുന്നു. വീഡിയോഗ്രാഫറായിരുന്നു ആൽവിനെന്നും അദ്ധേഹം പറഞ്ഞു.
കോഴിക്കോട്ടെ ഒരു സ്വകാര്യ കമ്പനിക്ക് വേണ്ടി പ്രെമോഷൻ വീഡിയോ എടുക്കുന്നതിനിടെ ചിത്രീകരണത്തിന് വേണ്ടി ഉപയോഗിച്ച കാർ അമിതവേഗതയിലെത്തി ആൽവിനെ ഇടിക്കുകയായിരുന്നു. വെള്ളയിൽ പോലിസ് സ്റ്റേഷന് സമീപം രാവിലെയായിരുന്നു അപകടം. കാർ പോലിസ് കസ്റ്റഡിയിലെടുത്തു.