സ്വകാര്യ ബസ് കാറിനെ ഇടിച്ച് നിര്‍ത്താതെ പോയതിനെ ചൊല്ലി തര്‍ക്കം; കയ്യാങ്കളിയായതോടെ തടയാനെത്തിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം


കൊയിലാണ്ടി: ദേശീയപാതയില്‍ സ്വകാര്യ ബസ് കാറിനെ ഇടിച്ച് നിര്‍ത്താതെ പോയതിനെ ചൊല്ലി സംഘര്‍ഷം. തര്‍ക്കം പരിഹരിക്കാനായി ഇടപെട്ട പിക്കപ്പ് വാന്‍ ഡ്രൈവറെ ബസ് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഇന്ന് രാവിലെ കൊയിലാണ്ടി ബോയ്‌സ് സ്‌കൂളിന് മുന്‍വശം ദേശീയപാതയിലാണ് സംഭവം. കുറ്റിവയല്‍ സുനില്‍കുമാറിനെയാണ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്.

കൊയിലാണ്ടി സിവില്‍ സ്റ്റേഷന് സമീപത്തുവെച്ച് സ്വകാര്യ ബസ് കാറിനെ ഇടിച്ചശേഷം നിര്‍ത്താതെ പോകുകയായിരുന്നു. കണ്ണൂര്‍- കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സന്നിധാനം എന്ന സ്വകാര്യ ബസാണ് കാറിനെ ഇടിച്ചത്. ഇതോടെ കാര്‍ ബസിന് പിന്നാലെയെത്തി കൊയിലാണ്ടി ബോയ്‌സ് സ്‌കൂളിന് മുന്‍വശത്ത് ദേശീയപാതയില്‍വെച്ച് ബസ് തടയുകയായിരുന്നു. ഇതോടെ ബസ് ജീവനക്കാര്‍ ബസില്‍ നിന്ന് ഇറങ്ങുകയും കാറിലുണ്ടായിരുന്നവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സമീപത്തെ സ്റ്റാന്റിലുണ്ടായിരുന്ന ഡ്രൈവര്‍മാര്‍ ഇത് തടയുകയായിരുന്നു.

തടയാനെത്തിയ പിക്കപ്പ് വാന്‍ ഡ്രൈവറെ ബസിലെ നാല് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി. സുനില്‍കുമാര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.