വനഭൂമി സംബന്ധിച്ച പ്രശ്‌നങ്ങളും വനമേഖലകളില്‍ താമസിക്കുന്നവരുടെ ആശങ്കകളും ചര്‍ച്ച ചെയ്തു; പേരാമ്പ്രയില്‍ നടന്ന വന സൗഹൃദ സദസ്സ് ശ്രദ്ധേയമായി


പേരാമ്പ്ര: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച വന സൗഹൃദ സദസ്സ് ശ്രദ്ധേയമായി. പേരാമ്പ്ര വി.വി ദക്ഷിണമൂര്‍ത്തി ടൗണ്‍ഹാളില്‍ നടന്ന സൗഹൃദ സദസ്സില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളിലെ എം എല്‍ എമാരും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വനഭൂമി സംബന്ധിച്ച പ്രശ്‌നങ്ങളും വനമേഖലകളില്‍ താമസിക്കുന്നവരുടെ പ്രശ്‌നങ്ങളും ആശങ്കകളും മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പങ്കുവെച്ചു.

തോക്ക് ലൈസന്‍സ് നടപടി ലളിതമാക്കുക, മൃഗങ്ങളുടെ സെന്‍സസ് നടത്തി എണ്ണം നിയന്ത്രിക്കുക, ആന ശല്യം ഇല്ലാതാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക, വിളകളുടെ നഷ്ടപരിഹാര തുക ഉയര്‍ത്തുക,വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവരുടെ നഷ്ടപരിഹാര തുക കാലോചിതമായി പരിഷ്‌കരിക്കുക, വന സംരക്ഷണ സമിതിക്ക് പ്രവൃത്തിക്കാനുള്ള ഫണ്ട് ലഭ്യമാക്കുക, പ്രകൃതി ക്ഷോഭത്തില്‍ വീഴുന്ന മരങ്ങള്‍ സമയബന്ധിതമായി ലേലം ചെയ്യുക, പൂഴിത്തോട് – പടിഞ്ഞാറത്തറ ബദല്‍ വയനാട് റോഡ് സാധ്യമാക്കുക, സ്വയം പുനരധിവാസ പദ്ധതി വഴി സ്ഥലം വിട്ടു നല്‍കിയവരുടെ പുനരധിവാസം സാധ്യമാക്കുക, പഞ്ചായത്തുകളില്‍ ടൂറിസം ഡസ്റ്റിനേഷന്‍ സ്ഥലങ്ങള്‍ അനുവദിക്കുക, കക്കയത്തെ കെ.എസ്.ഇ.ബി, വനംവകുപ്പ് തര്‍ക്കം പരിഹരിക്കുക, മലയോര ഹൈവേക്ക് വനം വകുപ്പിന്റെ അധീനതയിലെ സ്ഥലങ്ങള്‍ സൃഷ്ടിക്കുന്ന തടസ്സം ഒഴിവാക്കുക തുടങ്ങി നിരവധി വിഷയങ്ങള്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ചൂണ്ടിക്കാട്ടി.

എം.എല്‍.എമാരായ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, ടി.പി രാമകൃഷ്ണന്‍, കെ.എം സച്ചിന്‍ ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര, കുന്നുമ്മല്‍, തൂണേരി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, പേരാമ്പ്ര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് , കായണ്ണ, പനങ്ങാട്, കായക്കൊടി, കാവിലുംപാറ, നരിപ്പറ്റ, വളയം, മരുതോങ്കര, ചെക്യാട്, വാണിമേല്‍ പഞ്ചായത്തുകളിലെ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

സ്വയം പുനരധിവാസ പദ്ധതി പ്രകാരം ചക്കിട്ടപ്പാറ പഞ്ചായത്തില്‍ 1.6 കോടി രൂപ അനുവദിച്ചതായും ഭൂമി വിട്ടു നല്‍കിയവരുടെ പുനരധിവാസം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും ചര്‍ച്ചക്ക് മറുപടി നല്‍കിയ കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സി അബ്ദുലത്തീഫ് പറഞ്ഞു. വയനാട് ബദല്‍ പാതയ്ക്കുള്ള അനുമതി കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടതെന്ന് അദ്ദേഹം അറിയിച്ചു.

ഓരോ പ്രദേശത്തിനും ആവാസ വ്യവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുള്ള ആനമതില്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തുമെന്നും പെരുവണ്ണാമുഴി വനത്തില്‍ 18 കി.മി ഫെന്‍സിംഗ് ഹാംഗിങ്ങ്, കൂരാച്ചുണ്ടില്‍ 5 കി.മി ഫെന്‍സിംഗ് എന്നിവ സ്ഥാപിക്കാനായി നബാര്‍ഡില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ വനഭൂമികളിലെ ഇക്കോ ടൂറിസം പ്രദേശത്തിന്റെ അനുമതിക്ക് കേന്ദ്ര അനുമതി വരുന്ന മുറക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മറുപടി നല്‍കി.

തോക്ക് ലൈസന്‍സിനായി ലഭിച്ച 54 അപേക്ഷകളില്‍ 35 എണ്ണത്തിന് അനുകൂല നിലപാട് സ്വീകരിച്ചതായും 16 ലൈസന്‍സിന് അനുമതി നല്‍കിയതായും 12 അപേക്ഷ നിരസിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന വനം വകുപ്പിന്റെ കീഴില്‍ വരുന്ന വിഷയങ്ങളില്‍ പരമാവധി സൗഹൃദ സമീപനം സ്വീകരിച്ച് വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രദീപ് കുമാര്‍, നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.