ആമാശയത്തില്‍ ഇരുമ്പാണിയും ചെറുപാറക്കഷണങ്ങളും, അവശനിലയിലായി പശു; തുറയൂറില്‍ ട്രോമാറ്റിക്ക് റെട്ടികുലോ പെരിട്ടൊനൈറ്റിസ് രോഗം ബാധിച്ച പശുവിന് ശസ്ത്രക്രിയ നടത്തി പേരാമ്പ്ര ഗവണ്‍മെന്റ് വെറ്ററിനറി പോളി ക്ലിനിക്കിലെ ഡോക്ടര്‍മാര്‍


പേരാമ്പ്ര: ഇരുമ്പാണി ആമാശയം തുളച്ച് ഡയഫ്രം വഴി ഹൃദയത്തിന്റെ ബാഹ്യസ്തരത്തിന് ക്ഷതമേല്‍പ്പിച്ചു. തുറയൂറില്‍ ട്രോമാറ്റിക്ക് റെട്ടികുലോ പെരിട്ടൊനൈറ്റിസ് രോഗം ബാധിച്ച പശുവിന് ശസ്ത്രക്രിയ നടത്തി. തുറയൂര്‍ പഞ്ചായത്തിലെ നെല്ല്യാടന്‍ക്കണ്ടി അബുവിന്റെ പശുവിനാണ് പേരാമ്പ്ര ഗവണ്‍മെന്റ് വെറ്ററിനറി പോളി ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്.

22 ദിവസമായി ഭക്ഷണം കഴിക്കാതെ അവശനിലയിലായ പശുവിന്റെ കഴുത്തിനു താഴെയും നെഞ്ചിലും നീര്‍കെട്ടുമുണ്ടായിരുന്നു. തുടര്‍ന്ന് ക്ലിനിക്കില്‍ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു.

ഡോ. ജിഷ്ണു പ്രഥമദൃഷ്ട്യാല്‍ പശുവിന് ട്രോമാറ്റിക്ക് റെട്ടികുലോ പെരിട്ടൊനൈറ്റിസ് എന്ന രോഗമാണെന്ന് മനസ്സിലാക്കുകയും പശുവിന്റെ വയര്‍ കീറി ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രയയില്‍ ആമാശയത്തില്‍നിന്ന് ഇരുമ്പാണിയും ചെറുപാറ കഷണങ്ങളും കണ്ടെടുത്തു.

ഇരുമ്പാണി ആമാശയം തുളച്ച് ഡയഫ്രം വഴി ഹൃദയത്തിന്റെ ബാഹ്യസ്തരത്തിന് ക്ഷതമേല്‍പ്പിച്ചിരുന്നു. അഞ്ച് മണിക്കൂറോളം ശസ്ത്രക്രിയ നീണ്ടു. വെറ്ററിനറി സര്‍ജന്‍ ഡോ. ജിഷ്ണുവിന്റെ നേതൃത്വത്തില്‍ ഹൗസ് സര്‍ജന്‍മാരായ ഡോ. മുഹമ്മദ് കാമില്‍, ഡോ. അന്‍സല്‍ന, ഡോ.ബിന്‍ഷാദ് എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.

summary: a cow suffering from traumatic reticulum peritonitis was operated in thurayur