പാറശ്ശാലയിൽ വീടിനുള്ളിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി


തിരുവനന്തപുരം: പാറശ്ശാലയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സെല്ലൂസ് ഫാമിലി എന്ന പേരിലുള്ള യൂട്യൂബ് ചാനൽ ഉടമയായ ചെറുവാരക്കാണം പ്രീതു ഭവനിൽ പ്രിയ (37), ഭർത്താവ് സെൽവരാജ് (45) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. പത്തര മണിയോട് കൂടി വീട്ടിലെത്തിയ മകനാണ് വീടിനുള്ളിൽ മൃതദേഹം കണ്ടത്. ശനിയാഴ്ച രാത്രി വീട്ടിലെത്തിയ മകൻ വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലും എന്നാൽ വീടിന്റെ മുൻവശത്തെ കതക് ചാരിയ നിലയിലുമാണ് കണ്ടത്. വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ കിടപ്പ് മുറിയിലെ കട്ടിലിൽ പ്രിയയെ മരിച്ച നിലയിലും ഇതേ മുറിയിൽ തന്നെ സെൽവരാജിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.

എറണാകുളത്ത് ഹോം നഴ്സിങ്ങ് ട്രെയിനിയായ മകൻ വെള്ളിയാഴ്ച രാത്രിയും ഫോണിൽ ഇവരോട് സംസാരിച്ചിരുന്നു. ശനിയാഴ്ച രാവിലെ മുതൽ ഫോണിൽ വിളിച്ചിട്ടും ലഭിക്കാതെ വന്നതോടെ മകൻ വീട്ടിലേക്ക് വരികയായിരുന്നു.