കോഴിക്കോട് ലുലുമാളിലെ പ്രാര്‍ത്ഥന മുറിയില്‍ കയറി കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്നു; തളിപ്പറമ്പ് സ്വദേശിനിയടക്കം രണ്ട് പേര്‍ പിടിയില്‍


കോഴിക്കോട്: മാങ്കാവ് ലുലു മാളിലെ പ്രാര്‍ത്ഥന മുറിയില്‍ നിന്നും കൈക്കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ദമ്പതികള്‍ പിടിയില്‍. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ ഫസിലുൽ റഹ്മാൻ (35) കണ്ണൂർ തളിപ്പറമ്പ് സ്വദേശി നിയായ ഷാഹിന (39) എന്നിവരെയാണ് കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.

ഈ മാസം 26നായിരുന്നു കേസിനാസ്പദമായ സംഭവം. ലുലുമാളിലെ തിരക്കിനടയില്‍ ദമ്പതികള്‍ പത്ത്മാസം പ്രായമുള്ള കുഞ്ഞിന്‌റെ കഴുത്തിലെ ഒന്നേകാല്‍ പവന്‍ സ്വര്‍ണമാല പിടിച്ചുപറിക്കുകയായിരുന്നു. തുടര്‍ന്ന് മാളില്‍ നിന്നും പുറത്തിറങ്ങിയ പ്രതികള്‍ ഒരുമിച്ച് സഞ്ചരിക്കാതെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തി രക്ഷപ്പെടുകയായിരുന്നു.

കുട്ടിയുടെ ഉമ്മയുടെ പരാതിയില്‍ കേസെടുത്ത കസബ പോലീസ് ലുലു മാളിലെയും റെയില്‍വേ സ്‌റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പ്രതികളെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോഡ് പടന്നയില്‍ വച്ച് പ്രതികളെ കസ്റ്റഡിയിലെടുത്തു. സ്വര്‍ണമാല പ്രതികളില്‍ നിന്നും കണ്ടെടുത്തു. പ്രതികൾ മുൻപും പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട ആളുകളാണ്. കസബ ഇൻസ്പെക്ടർ ഗോപകുമാർ ജിയുടെ നേതൃത്വത്തിൽ കസബ സബ് ഇൻസ്പെക്ടർ ജഗമോഹൻ ദത്തൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജേഷ് കുമാർ പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധർമൻ പി, രാജീവ്കുമാർ പാലത്ത്, സിപിഒ
ബിജിലമോൾ, സിറ്റി ക്രൈംസക്വാഡ് അംഗങ്ങളായ ഷാലു എം, സുജിത് സി.കെ, സൈബർസെല്ലിലെ സ്കൈലേഷ്, ഡിസിആർബിയിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ നിധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Description: A couple has been arrested for stealing a baby’s gold necklace from Lulu Mall