ശക്തമായ കാറ്റിലും മഴയിലും കായണ്ണയില്‍ കാറിനും വൈദ്യുതലൈനിനും മുകളില്‍ തെങ്ങ് മുറിഞ്ഞു വീണു; വൈദ്യുതി തടസപ്പെട്ടു


കായണ്ണ: കായണ്ണയില്‍ തിങ്കളാഴ്ച്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിനു മുകളില്‍ തെങ്ങ് മുറിഞ്ഞ് വീണ് അപകടം. കുരിക്കള്‍ക്കൊല്ലി മാട്ടനോട് റോഡില്‍ പള്ളിമുക്കിലാണ് സംഭവം.

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വൈദ്യുതലൈനിന് മുകളിലും റോഡരികില്‍ നിര്‍ത്തിയിട്ട വയനാട് സ്വദേശി ബാസില്‍ മാത്യു കടവില്‍ എന്നയാളുടെ കാറിനും മുകളിലുമായാണ് തെങ്ങ് വീണത്.

വിവരമറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി. അസി സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസ്സര്‍മാരായ സോജു പി.ആര്‍, ശിഖിലേഷ് കെ.കെ, രഗിനേഷ് കെ, അജേഷ് കെ, ഹോംഗാര്‍ഡ് അനീഷ്‌കുമാര്‍ പി.സി എന്നിവര്‍ പങ്കെടുത്തു.