കുരിയാടി സ്വദേശിയായ കുട്ടി സ്‌കൂട്ടർ ഓടിച്ച് അപകടം വരുത്തിയ കേസ്; അമ്മയെ കോടതി വെറുതെ വിട്ടു
വടകര: കുരിയാടി സ്വദേശിയായ കുട്ടി സ്‌കൂട്ടർ ഓടിച്ച് അപകടം വരുത്തിയ കേസിൽ പ്രതിയായ അമ്മയെ കോടതി വെറുതെ വിട്ടു. കുരിയാടിയിലെ കിണറ്റിൻകര രേഖയെയാണ് (47) വെറുതെ വിട്ടത്. വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
രേഖയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കെഎൽ 58 ആർ 6276 നമ്പർ സ്‌കൂട്ടർ മുക്കാളി ടൗണിൽ വച്ച് കാറിലിടിച്ച് അപകടം വരുത്തിയിരുന്നു. ഈ കേസിലാണ് കുട്ടി ഓടിച്ച സ്കൂട്ടറിന്റെ ആർസി ഉടമയായ രേഖയെ പ്രതിയാക്കി ചോമ്പാല പോലീസ് കേസെടുത്തത്. എന്നാൽ പ്രതി കുറ്റം ചെയ്‌തെന്ന് സംശയാതീതമായി തെളിയക്കാൻ പ്രോസിക്യൂഷൻ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രതിയായ രേഖയാണ് പ്രതിയായ മകന് മോട്ടോർ സൈക്കിൾ നൽകിയതെന്ന് വ്യക്തമല്ല. പ്രായപൂർത്തിയാകാത്തയാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതു സംബന്ധിച്ച കുട്ടികളുടെ കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തതായി കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.ഇതേ തുടർന്നാണ് കോടതി രേഖയെ വെറുതെ വിട്ടത്. പ്രതിക്കു വേണ്ടി അഡ്വ.എ.എം.സന്തോഷ് ഹാജരായി.