കണ്ണൂരിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; പ്രതിയായ കുഞ്ഞിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അവശനിലയിൽ കണ്ടെത്തിയത് കോഴിക്കോടെ ലോഡ്ജ് മുറിയിൽ


കോഴിക്കോട്: ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി കുഞ്ഞിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണൂർ തയ്യിൽ സ്വദേശി ശരണ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കേസിൽ വിചാരണ തുടങ്ങാൻ ഇരിക്കെയാണ് ആത്മഹത്യശ്രമം.

ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്ത് മുറിയെടുത്തതിന് ശേഷമാണ് ആത്മഹത്യ ശ്രമം നടത്തിയത്. 2020ഫെബ്രുവരിയിലാണ് ശരണ്യ തന്റെ കുഞ്ഞിനെ കൊന്നത്. കുഞ്ഞിനെ വീട്ടിൽനിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കൽ ഭിത്തിയിൽ തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

ശരണ്യ തന്റെ കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. പ്രണവ്-ശരണ്യ ദമ്പതിമാരുടെ മകൻ വിയാനെ തയ്യിൽ കടപ്പുറത്തെ കരിങ്കൽ ഭിത്തികൾക്കിടയിൽ നിന്നായിരുന്നു കണ്ടെത്തിയത്. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ശരണ്യ ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അവർ കുറ്റം സമ്മതിച്ചത്.