കോട്ടപ്പള്ളി ചന്തുമലയിൽ നിന്ന് ചാരായം പിടികൂടിയ കേസ്; പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു


വടകര: കോട്ടപ്പള്ളി ചന്തുമലയിൽ നിന്ന് ചാരായം പിടികൂടിയ കേസിൽ പ്രതി ചേർക്കപ്പെട്ടയാളെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു. കോട്ടപ്പള്ളി പാറച്ചാൽ മീത്തൽ അശോകനെയാണ് (48) വടകര അസി. സെഷൻസ് കോടതി വിട്ടയച്ചത്. പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്.

2019 സപ്തംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. വടകര എക്‌സൈസ് പ്രിവന്റീവ് ഓഫീസറും സംഘവും കോട്ടപ്പള്ളി ഭാഗങ്ങളിൽ പരിശോധന നടത്തി വരവെ ചന്തുമലയിൽ വാട്ടർ ടാങ്കിനു സമീപത്ത് നിന്ന് പുക ഉയരുന്നതു കണ്ടു. ആ സമയം അടുപ്പിൽ തീകത്തിച്ചുകൊണ്ടിരുന്ന അശോകൻ എക്സൈ് ഉദ്യോ​ഗസ്ഥർ അവിടേക്ക് ചെന്നപ്പോൾ ഓടിരക്ഷപ്പെട്ടെന്നാണ് കേസ്.

സ്ഥലത്ത് നിന്ന് അഞ്ച് ലിറ്റർ ചാരായവും ഇരുപത് ലിറ്റർ വാഷും അലൂമിനിയം കലവും കറുത്ത കുഴലും ഉൾപ്പടെയുള്ളവ എക്സൈസ് കണ്ടെടുത്തിരുന്നു. അശോകനെ പ്രതിചേർത്ത് കേസെടുത്ത എക്‌സൈസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിഭാ​ഗത്തിന് വേണ്ടി അഡ്വ.പി.പി.സുനിൽ കുമാർ ഹാജരായി.