കാക്കനാട് സ്വദേശിയിൽ നിന്നും നാല് കോടി രൂപ തട്ടിയെടുത്ത കേസ്; കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട്: കാക്കനാട് സ്വദേശിയില്‍ നിന്ന് നാല് കോടി രൂപ തട്ടിയെടുത്ത പരാതിയിൽ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മുഹ്‌സൈല്‍, മിസ്ഹാപ് എന്നിവരെയാണ് കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു.തട്ടിപ്പിന്റെ സൂത്രധാരന്‍മാരായ ഉത്തരേന്ത്യന്‍ സംഘത്തിന് സഹായം ചെയ്തു കൊടുത്തവരാണ് പിടിയിലായ പ്രതികള്‍ എന്ന് പൊലീസ് പറഞ്ഞു.
തട്ടിപ്പിനായി അക്കൗണ്ട് നല്‍കുന്നവര്‍ക്ക് 25,000 രൂപ മുതല്‍ 30,000 വരെ ലഭിക്കുന്നുവെന്ന് പൊലീസ് പറയുന്നു. തട്ടിപ്പ് പണം എ.ടി.എമ്മില്‍ നിന്നും പിന്‍വലിച്ച് നല്‍കുന്നതിനും കമ്മീഷനുണ്ടെന്നും കൊടുവള്ളി കേന്ദ്രികരിച്ച് വന്‍ സംഘം പ്രവര്‍ത്തിക്കുന്നുവെന്നും പൊലീസ് പറയുന്നു. പിടിയിലായ പ്രതികളുടെ അക്കൗണ്ടിലൂടെ നടന്നത് കോടികളുടെ ഇടപാടാണ്. ഇവരില്‍ ഇന്നും ഇന്നോവ ക്രിസ്റ്റ കാറും, ഒരു ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് ഡിജിറ്റല്‍ അറസ്റ്റ് സംഘം കാക്കനാട് സ്വദേശിനിയില്‍ നിന്നും പണം തട്ടിയത്. കാക്കനാട് സ്വദേശിനിയുടെ പേരിലുള്ള ദില്ലിയിലെ ഒരു ബാങ്ക് അക്കൗണ്ട് വഴി ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സാമ്ബത്തിക ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു.കേസില്‍ നിന്ന് ഒഴിവാക്കാനായി ഇവര്‍ ആവശ്യപ്പെട്ടതു പ്രകാരം പലതവണയായി നാല് കോടിയിലേറെ രൂപ ഇവര്‍ക്ക് കൈമാറി എന്നും കാക്കനാട് സ്വദേശിനി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ഉത്തരേന്ത്യന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശികളുടെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് രഹസ്യ നീക്കത്തിലൂടെ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മുഹ്‌സില്‍ മിസ്ഹാപ് എന്നിവരെ കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Summary: A case of extorting 4 crore rupees from a native of Kakkanad; Two youths from Kozhikode were arrested