കുറ്റ്യാടിയിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ വഞ്ചിച്ച കേസ്; പ്രതി കസ്റ്റഡിയിൽ, പരാതിയുമായി കൂടുതൽ പേർ രംഗത്ത്
കുറ്റ്യാടി: വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ വഞ്ചിച്ച കേസില്‍ റിമാൻഡിൽ കഴിയുന്ന വരിക്കോളി സ്വദേശി കെ.സി.ലിനീഷിനെ 2 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പശുക്കടവ് സ്വദേശിനി നൽകിയ പരാതിയിൽ കേസെടുത്ത കുറ്റ്യാടി പൊലീസ് 12 വ്യാജ സർട്ടിഫിക്കറ്റുകളാണ് കോടതിയിൽ ഹാജരാക്കിയത്. സംഭവത്തില്‍ ഇന്നലെ മറ്റു ചിലരും പരാതികള്‍ നല്‍കിയതായാണ് വിവരം.
ഗേറ്റ് അക്കാദമി ന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി വിദ്യാർഥികൾക്ക് ലാബ് ടെക്നിഷ്യൻ, നഴ്സിങ് അസിസ്‌റ്റന്റ് കോഴ്‌സുകളില്‍ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി വഞ്ചിച്ചെന്നാണ് ലിനീഷിനെതിരെയുള്ള പരാതി. കുറ്റ്യാടിയിൽ ഗേറ്റ് അക്കാദമി എന്ന പേരിൽ 2017 മുതലാണ് സ്ഥാപനം ആരംഭിച്ചത്.
നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിൽ ലാബ് ടെക്നിഷൻ കോഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ് തുടങ്ങി വിവിധ കോഴ്‌സുകൾ നടത്തി അവയ്ക്ക് ഗവണ്മെന്റ് അംഗീകാരം ഉണ്ടെന്ന് വിദ്യാർത്ഥികളെ പറഞ്ഞ് വിശ്വസിപ്പിച്ച് കോഴ്സിന് ചേർക്കുകയായിരുന്നു. 2 വർഷത്തെ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകാതെ വഞ്ചിക്കുകയും, കുട്ടികൾ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി സ്ഥാപനം പറ്റിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ഗേറ്റ് അക്കാദമി എന്ന സ്ഥാപനത്തിൽ താൻ മാനേജർ മാത്രമായിരുന്നെന്നും ഉടമകളും ഉത്തരവാദിത്തമുള്ളവരും മറ്റു ചിലരാണെന്നുമാണ് ലിനീഷ് കോടതിയിൽ നൽകിയ ജാമ്യ ഹർജിയിൽ പറയുന്നത്.
Description: A case of cheating students by giving fake certificates; The accused is in custody