താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി; വയനാട് സ്വദേശിക്ക് പരിക്ക്


താമരശ്ശേരി: താമരശ്ശേരി ചുടലമുക്കില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വയനാട് പുല്‍പ്പള്ളി കാപ്പിസൈറ്റ് സ്വദേശി മോനിച്ചനാണ് പരിക്കേറ്റത്.ഇന്ന് പുലര്‍ച്ചെ നാലോടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ കടയുടെ മുന്‍ഭാഗം തകര്‍ന്നു. കോട്ടയത്ത് നിന്നും തിരികെ വരികയായിരുന്ന പുല്‍പ്പള്ളി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. സ്ത്രീകള്‍ അടക്കമുള്ള അഞ്ചംഗ കുടുംബമാണ് കാറില്‍ ഉണ്ടായിരുന്നത്.

മോനിച്ചനായിരുന്നു വാഹനമോടിച്ചിരുന്നത്. അപകടത്തില്‍ പരിക്കേറ്റ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. വാഹനമോടിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് നിലവില്‍ പോലീസ് പറയുന്നത്.