ഒമാനില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന ഒട്ടകത്തിൽ ഇടിച്ച് കാര്‍ അപകടത്തിൽ പെട്ടു; ഗുരുതരമായി പരിക്കേറ്റ നന്മണ്ട സ്വദേശി മരിച്ചു


നന്മണ്ട: ഒമാനില്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന കോഴിക്കോട് നന്മണ്ട സ്വദേശി മരിച്ചു. നന്മണ്ട 12ലെ പുറ്റാരംകോട്ടുമ്മല്‍ വിപിന്‍ദാസ് ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു. ഒമാനില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്നു.

ജോലിക്കിടയില്‍ കാറില്‍ സഞ്ചരിക്കവേയായിരുന്നു അപകടം. ഒട്ടകം റോഡ് മുറിച്ചുകടക്കവെ കാര്‍ ഒട്ടകത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു. നന്മണ്ടയില്‍ ടൈല്‍സ് ജോലി ചെയ്യുകയായിരുന്ന വിപിന്‍ദാസ് മൂന്നുവര്‍ഷം മുമ്പാണ് ഒമാനില്‍ എത്തിയത്. എട്ടുമാസം മുമ്പ് നാട്ടില്‍ അവധിയ്‌ക്കെത്തി തിരിച്ചുപോയതായിരുന്നു.

കോട്ടുമ്മല്‍ ഹരിദാസിന്റെയും തങ്കത്തിന്റെയും ഏകമകനാണ്. സഹോദരി: അഡ്വ. ഹരിത. ഭാര്യ: രമ്യ (കാക്കൂര്‍ 11), മക്കള്‍: പാര്‍വ്വണ, ലക്ഷ്മിക. മൃതദേഹം ഇന്ന് രാവിലെ കരിപ്പൂര്‍ എയര്‍പോര്‍ട്ടു വഴി നന്മണ്ടയിലെ വീട്ടില്‍ എത്തും. പത്തുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Summary: A car collided with a camel while crossing the road in Oman; a Nanmanda native died after being seriously injured