കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ച് കത്തിനശിച്ചു. കാർ ഓടിച്ചിരുന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണൂർ കാല്‍ടെക്സിലെ ചേംബർ ഹാളിന് മുൻവശം വെച്ചായിരുന്നു സംഭവം. ഇന്ന് വൈകീട്ട് നാലു മണിക്കായിരുന്നു അപകടം നടന്നത്.

കക്കാട് കോർജാൻ സ്കൂളിനടുത്തുള്ള സർവീസ് സെൻ്ററിലേക്ക് തിരിച്ചു പോകുമ്പോഴാണ് നടുറോഡില്‍ നിന്നും കാറിൻ്റെ ബോണറ്റിനുള്ളില്‍ പുക ഉയരാൻ തുടങ്ങിയത്. ഉടൻ സർവീസ് സെൻ്ററിലെ ജീവനക്കാരനായ കാർ ഓടിച്ചിരുന്ന പുതിയതെരു സ്വദേശി പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ തീപ്പടർന്ന് കാർ കത്തിനശിച്ചു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. കാറിൻ്റെ സീറ്റും മറ്റു ഭാഗങ്ങളും പൂർണമായി കത്തിയമർന്നിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കെ വാഹനങ്ങൾ തീപ്പിടിക്കുന്നത് നിത്യസംഭവമായി മാറുകയാണ്.

Summary: A car caught fire while running in Kannur; The driver escaped unhurt