‘ഒരു മണം വന്നു, ഭാര്യയും മകനും ഇരുന്നതിന്റെ സമീപത്ത് കൂടെ പുക ഉയരുന്നു; ഉടനെ തന്നെ അവരെ പുറത്തിറക്കി; നൂറ് മീറ്റര്‍ കൂടി പോയിരുന്നെങ്കില്‍ ചിലപ്പോള്‍ ബ്ലാസ്റ്റ് ആവാനും സാധ്യതയുണ്ടായേനെ’; കക്കോടിക്കടുത്ത് വാഹനത്തില്‍ തീപ്പിടിച്ച സംഭവത്തിലെ ഉടമ ശ്രീജിത്ത് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട്


കക്കോടി: ‘എല്ലാം നിമിഷങ്ങള്‍ക്കകമായിരുന്നു, രണ്ട് സെക്കണ്ടുകള്‍ക്കുള്ളില്‍ എല്ലാം കത്തിപ്പോയി. രക്ഷപെട്ടത് ഭാഗ്യം കൊണ്ട്’ കക്കോടിക്കടുത്ത് വാഹനത്തില്‍ തീപ്പിടിച്ച സംഭവത്തിലെ ഉടമ ശ്രീജിത്ത് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് അപകടത്തെക്കുറിച്ച് പറയുന്നു.

ആര്‍മിയിലാണ് ജോലിചെയ്യുന്നത്. കാലിക്കറ്റ് ഡിഫന്‍സിന്റെ ഒരു പ്രോഗ്രാം കഴിഞ്ഞ് ഭാര്യയും മൂന്നര വയസ്സുകാരനായ മകനുമൊത്ത് തിരികെ വരുമ്പോഴാണ് സംഭവം. കക്കോടി ചാലിയത്തിനടുത്ത് ഒരു ഗ്യാസ് ഏജന്‍സിയുടെ സമീപം എത്തിയപ്പോഴേക്കും ഒരു മണം വരുന്നതായി സംശയം തോന്നി. തൊട്ടു പുറകെ പുക ഉയരുന്നു. അതും ഭാര്യയും മകനും ഇരിക്കുന്ന സ്ഥലത്ത് നിന്ന്. ഉടനെത്തന്നെ ഇരുവരെയും വലിച്ചിറക്കി. ബോണറ്റില്‍ നിന്ന് ആണോ എന്ന സംശയം തോന്നി നോക്കിയപ്പോഴേക്കും അവിടെ പ്രശ്‌നമൊന്നുമില്ല.

‘ഡാഷ്‌ബോര്‍ഡിന്റെ ഉള്ളില്‍ നിന്നും നന്നായി പുക ഉയര്‍ന്നു അപ്പോഴേക്കും. ഞാന്‍ ഓടി വന്ന് അത് വലിച്ചു പൊട്ടിച്ചു. തുറക്കാവുന്ന അവസ്ഥ ആയിരുന്നില്ല അപ്പോള്‍. അതിനുള്ളിലെ ഏതോ ഒരു വയര്‍ ഷോര്‍ട് സര്‍ക്യൂട്ട് ആയതാണെന്നു തോന്നുന്നു. എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ കത്തി തീര്‍ന്നു’. എന്നും ശ്രീജിത്ത് പറഞ്ഞു.

ഒന്നും ചെയ്യാവുന്ന സാഹചര്യമല്ലായിരുന്നു എന്നും തന്റെയും ഭാര്യയുടെയും മുഴുവന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റുകള്‍ കത്തിയമര്‍ന്നു എന്നും അവര്‍ പറഞ്ഞു. വാഹനം പരിശോധിക്കുന്നതിനിടയില്‍ ശ്രീജിത്തിന് നിസ്സാരമായ പൊള്ളലുകള്‍ മാത്രമേ ഉണ്ടായുള്ളൂ. മറ്റാര്‍ക്കും പരിക്കുകളില്ല. അക്ഷരാര്‍ത്തത്തില്‍ അത്ഭുതകരമായ രക്ഷപെടലിന്നാണ് നാട് സാക്ഷ്യം വഹിച്ചത്.

ഉടനെ തന്നെ നാട്ടുകാര്‍ ഓടിക്കൂടുകയും വെള്ളിമാട് അഗ്‌നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.

പുകയും മണവും കണ്ട് ഉടനെ തന്നെ ആളുകളെ പുറത്തെത്തിച്ചത് ഭാഗ്യമായി. നൂറു മീറ്റര്‍ കൂടി പോയിരുന്നെങ്കില്‍ ചിലപ്പോള്‍ ബ്ലാസ്റ്റ് വരെ ഉണ്ടായേനെ. സമയം നല്ലതായത് കൊണ്ട് രക്ഷപെട്ടുവെന്നും പറഞ്ഞു.

summary: a car caught fire in kakkodi was completely blast