വടകര പഴയ ബസ് സ്റ്റാന്റില്‍ വയോധികന്റെ കാലില്‍ ബസ്‌ കയറിയിറങ്ങി; പരിക്കേറ്റത് മണിയൂര്‍ സ്വദേശിക്ക്‌


വടകര: പഴയ ബസ് സ്റ്റാന്റില്‍ വയോധികന്റെ കാലില്‍ ബസിന്റെ മുന്‍ചക്രം കയറിയിറങ്ങി. മണിയൂര്‍ കരുവഞ്ചേരി സ്വദേശി വിദ്യാഭവനില്‍ വി.കെ അച്യുതകുറുപ്പി(82)നാണ് പരിക്കേറ്റത്. ഇന്നലെ പകല്‍ 11.15ഓടെയാണ് അപകടം.

ഭാര്യ രാധയ്‌ക്കൊപ്പം മറുഭാഗത്തേക്ക് സ്റ്റാന്റിലൂടെ മുറിച്ചുകടക്കുന്നതിനിടെ ട്രാക്കില്‍ പാര്‍ക്ക് ചെയ്യാന്‍ എടുത്ത ബസ് ഇടിക്കുകയായിരുന്നു.വില്യാപ്പള്ളി-ആയഞ്ചേരി ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്ന പ്രാര്‍ത്ഥന ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിലത്ത് വീണ അച്യുതകുറുപ്പിന്റെ വലത്കാലിലൂടെ മുന്‍ചക്രം കയറിയിറങ്ങുകയായിരുന്നു.

ഉടന്‍തന്നെ സമീപത്ത് നിന്നും ആളുകള്‍ ഓടിയെത്തി ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചു. ഇയാളുടെ കാലിന് പൊട്ടലുണ്ട്. ഒപ്പം തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അച്യുതനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Description: A bus ran over an elderly man’s leg at the old bus stand in Vadakara