മലാപ്പറമ്പ് ബൈപ്പാസിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു


കോഴിക്കോട്: മലാപ്പറമ്പ് ബൈപ്പാസില്‍ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാപ്പാട് സ്വദേശി മരിച്ചു. ഹാഫിള് മുഹമ്മദ് നഈം ഫൈസി ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു.

പുറക്കാട് ജാമിഅ ഫുര്‍ഖാനിയ്യയില്‍ നിന്ന് ഖുര്‍ആന്‍ മനപാഠമാക്കുകയും പട്ടിക്കാട് ജാമിഅ: നൂരിയയിലെ വിദ്യാര്‍ഥിയും എസ്.എസ്.എഫ് എലത്തൂര്‍ മേഖലയുടെ സജീവ പ്രവര്‍ത്തകനുമാണ്. എസ്.കെ.എസ്.എഫ് സര്‍ഗ്ഗ പരിപാടിയുടെ പ്രചരണവും കഴിഞ്ഞ് മടങ്ങി വരവെ ഇന്നലെ പുലര്‍ച്ചയായിരുന്നുഅപകടം സംഭവിച്ചത്.

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അരിക്കോട് സ്വദേശി ജൂനൈദ് ഫൈസി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വയനാട് പടിഞ്ഞാറേത്തറ ചെന്നലോട് മഹല്ല് ഖതീബായിരുന്നു നഈം. നല്ലൊരു ഗായകന്‍ കൂടിയാണ്.

ഉപ്പ: കാപ്പാട് ചെട്ടിയാംവീട്ടില്‍ താഹിര്‍ (ഗ്ലോബല്‍ ചേമഞ്ചേരി കെ.എം.സി.സി ജിദ്ദ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ്), ഉമ്മ: അത്തോളി തോട്ടോളി റഹിയ. സഹോദരങ്ങള്‍: മുഹമ്മദ് തമീം, മുഹമ്മദ് സനീം.