കൊയിലാണ്ടിയില്‍ എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നെന്ന സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; വാദിയും സുഹൃത്തും അറസ്റ്റിലായെന്ന് സൂചന


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നെന്ന സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. പരാതിക്കാരനായ പയ്യോളി സ്വദേശിയായ സുഹൈലും സുഹൃത്ത് താഹയെയും പോലീസ് അറസ്റ്റ് ചെയ്‌തെന്ന് സൂചന. പണം തട്ടാനുള്ള ശ്രമമായിരുന്നു ഇയാള്‍ നടത്തിയതെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. കാട്ടിലപ്പീടികയില്‍ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ കെട്ടിയിട്ട നിലയില്‍ നാട്ടുകാര്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. കൊയിലാണ്ടിയിലെ എ.ടി.എമ്മില്‍ നിന്നും പണമെടുത്ത് കുരുടിമുക്കിലേക്ക് പോകവേ വഴിയില്‍വെച്ച് ഒരു സംഘം തന്നെ ആക്രമിച്ചെന്നും പണം കവര്‍ന്നെന്നുമായിരുന്നു സുഹൈല്‍ പോലീസിനോട് പറഞ്ഞിരുന്നത്.

എന്നാല്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇത് നാടകമാണെന്ന് തെളിയുകയായിരുന്നു. കുരുടിമുക്കിലേക്ക് പോകവേ വഴിയില്‍വെച്ച് ഒരു സ്ത്രീ വാഹനത്തിന് മുന്നില്‍പ്പെടുകയും ഇവരെ തട്ടി എന്ന് കരുതി വാഹനം നിര്‍ത്തി പുറത്തിറങ്ങിയ തനിക്കുനേരെ പര്‍ദ്ദധരിച്ചെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നെന്നാണ് ഇയാള്‍ പറഞ്ഞത്.

ആദ്യം 25 ലക്ഷം രൂപ നഷ്ടമായെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത് എന്നാല്‍ പോലീസ് എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 724000 രൂപയാണ് നഷ്ടമായതെന്നാണ് കണക്ക്. തലയ്ക്കടിയേറ്റ് ബോധമറ്റ നിലയിലായിരുന്നു താനെന്നും ബോധം വന്നപ്പോഴാണ് കാട്ടിലപ്പീടികയില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണുള്ളതെന്നും മനസ്സിലായതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.

എന്നാല്‍ പോലീസിന് ചില സംശയങ്ങള്‍ ഉടലെടുത്തിരുന്നു. ഇയാളുടെ ദേഹത്തും കാറിലും നിറയെ മുളക്‌പൊടി ഉണ്ടായിരുന്നു എന്നാല്‍ ഇയാളുടെ കണ്ണില്‍ മുളക് പൊടി പോകാതിരുന്നതും കാറിന് പിറകിലത്തെ ഒരു ചില്ല് താഴ്ത്തിയ നിലയിലുമായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ വൈദ്യപരിശോധനയില്‍ ഇയാള്‍ക്ക് തലയ്ക്ക് മര്‍ദനമേറ്റതായുള്ള ലക്ഷണങ്ങളും കണ്ടെത്താത്തതിനെ തുടര്‍ന്നാണ് പോലീസിന് സംശയം വര്‍ദ്ധിപ്പിച്ചത്. രണ്ട് ദിവസമായി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലൊടുവിലാണ് ഇപ്പോഴുള്ള നീക്കം.

Description: A big twist in the incident where a man who came to refill money at an ATM was attacked and robbed in koyilandy