ചോറോട് കാറിടിച്ച് ഒമ്പതുവയസുകാരി കോമയിലായ സംഭവം; പ്രതി ഷജീലിന് മുൻകൂർ ജാമ്യമില്ല
വടകര: ചോറോട് കാറിടിച്ച് വയോധിക മരിക്കുകയും ഒമ്പതുവയസുകാരി കോമയിലാവുകയും ചെയ്ത കേസിലെ പ്രതി ഷജീലിന് മുൻകൂർ ജാമ്യം ഇല്ല. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർജാമ്യപേക്ഷ തള്ളിയത്. അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകടശേഷം വിദേശത്ത് കടന്നു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്തു കൊണ്ടു പൊലീസ് കോടതിയിൽ ഉന്നയിച്ചത്.
വിദേശത്ത് നിന്നാണ് പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഷജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയാണ് ചോറോട് വച്ച് ഷജീൽ ഓടിച്ച കാർ ഇടിച്ച് 62 വയസുകാരി മരിക്കുകയും കൊച്ചുമകൾ ദൃഷാന അബോധാവസ്ഥയിൽ ആകുകയും ചെയ്തത്. ചോറോട് നിന്ന് ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ ദൃഷാനയേയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടശേഷം നിർത്താതെ പോയ കാർ പത്ത് മാസങ്ങൾക്ക് ശേഷമാണ്
കണ്ടെത്തിയത്.
അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി പ്രതി പിന്നിട് കാർ രൂപമാറ്റം വരുത്തി. അപകട സമയത്തെ പോലീസിന് കിട്ടിയ സിസിടിവി ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇൻഷുറൻസ് ക്ലയിം ചെയ്യാൻ വന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്.
Description: A 9-year-old woman fell into a coma after being hit by a car at Chorode; Accused Shajeel has no anticipatory bail