ബാല്യമനസ്സിന്റെ നന്മ: കൈയ്യിലുള്ളതില്‍ വിലപിടിപ്പുള്ളത് നല്‍കാന്‍ തയ്യാറായൊരു കൊച്ചു മിടുക്കി; ഇവാന്റെ ചികിത്സക്ക് സ്വര്‍ണ്ണ കമ്മല്‍ നല്‍കി ചെറുവാളൂര്‍ എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസുകാരി
പേരാമ്പ്ര: എസ്.എം.എ രോഗം ബാധിച്ച പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സക്കായി തന്റെ കാതില്‍ കിടന്ന കമ്മല്‍ ഊരി നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മാതൃകയായി. മുളിയങ്ങല്‍ ചെറുവാളൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ആരാധ്യ മനോജ് ആണ് തന്റെ കമ്മല്‍ ഊരി നല്‍കിയത്.
നേരത്തെ അറിയിച്ച പ്രകാരം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെല്ലാം നിശ്ചിത തുക വച്ച് ഇവാന്‍ ചികിത്സാ ഫണ്ടിലേക്ക് കൊടുത്തപ്പോള്‍ ആരാധ്യ സ്വമനസ്സാലെ കമ്മല്‍ നല്‍കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതോടെ അദ്ധ്യാപകര്‍ കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ട് കുട്ടിയുടെ തീരുമാനമറിയിച്ചു. മകളുടെ നല്ല മനസ്സിന് എതിര് നില്‍ക്കാന്‍ വീട്ടുകാരും തുനിഞ്ഞില്ല.
തുടര്‍ന്ന് ചികിത്സാ കമ്മറ്റി ചെയര്‍മാനായ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, ക്ലാസ് അധ്യാപകന്‍, ശശി മാസ്റ്റര്‍ മറ്റ് അധ്യാപകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആരാധ്യ, അണിഞ്ഞിരുന്ന ഏക ആഭരണമായ സ്വര്‍ണ്ണ കമ്മല്‍ ഊരി നല്‍കി. തുടര്‍ന്ന് ഈ കൊച്ചു മിടുക്കിയെ അനുമോദിച്ചു കൊണ്ട് ഉണ്ണിവേങ്ങേരി പൊാടയണിയിച്ചു.
വാളൂര്‍ കുറുപ്പിന കണ്ടി മനോജിന്റെയും ദീപയുടെയും മകളാണ് ആരാധ്യ.