അന്തരിച്ച ചെമ്മരത്തൂരിലെ കോമപ്പേട്ടൻ കാൻസർ പോരാളി ; ശരീരം ക്ഷീണിച്ചപ്പോഴും മനസ്കൊണ്ട് തളരാതെ നിന്ന കർഷകൻ


വടകര: കോഴിക്കോട് മെഡിക്കൽ കോളേജ്, പരിയാരം മെഡിക്കൽ കോളേജ് , ചെന്നൈ അടയാർ ഹോസ്പിറ്റൽ, എന്നിവിടങ്ങളിലെ ആശുപത്രി വാസം കോമപ്പേട്ടന് അതിജീവനത്തിന്റെതായിരുന്നു. കാൻസർ ബാധിതനായി നീണ്ട 25 വർഷം. റേഡിയേഷന്റെ ഫലമായി കേൾവി ശക്തി നഷ്ടപ്പെട്ടു. ശരീരം ക്ഷീണിച്ചു. പക്ഷെ കോമപ്പൻ എന്ന പോരാളിയുടെ മനസ് മാത്രം തളർന്നില്ല.

അസുഖത്തെ വിലവയ്ക്കാതെ താൻ ചെയ്യുന്ന തൊഴിലിൽ പൂർണമായും മുഴുകി. മരണം വന്ന് വിളിക്കുന്നതിന് ഏതാനും ദിവസം മുൻപും തന്റെ തൊഴിലിടത്തിൽ സജീവമായിരുന്നു ഈ എൺപത്തിനാലുകാരൻ. കാൻസർ പോരാട്ടത്തിനിടയിൽ തന്റെ തൊഴിലുമായി ബന്ധപ്പെട്ട് നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ചിങ്ങം ഒന്നിന്റെ കർഷക ശ്രീ അവാർഡ്, ഫ്ക്ലോർ അവാർഡ്, നാട്ടുവാർത്ത പുരസ്കാരം അങ്ങിനെ നീളുന്നതാണ് കോമപ്പേട്ടനെ തേടിയെത്തിയ അം​ഗീകാരങ്ങൾ. എല്ലാ തൊഴിലുപകണരങ്ങളും അദ്ദേഹം സ്വന്തമായി നിർമിച്ചു. കൈക്കോട്ട്, പടന്ന, പിക്കം, മൺകൊട്ട, വല്ലം, ഉറി, മീൻകൊട്ട അങ്ങിനെ പുതുതലമുറയ്ക്ക് അപരിചിതമായ പല ഉപകരണങ്ങളും നിർമിച്ചു.

അവസാന ദിവസങ്ങളിലും പത്രവായന മുടങ്ങിയില്ല. തനിക്കറിയുന്ന ഗവണ്മെന്റ് തല ആനുകൂല്യങ്ങൾ വാങ്ങാനും അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും കോമപ്പെട്ടൻ താൽപ്പര്യം കാണിച്ചിരുന്നു.