”പേടിക്കാതെ ജോലി ചെയ്യാവുന്ന സാഹചര്യമുണ്ടാകണം, 24മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം” പൊലീസ് ചികിത്സയ്ക്കായി കൊണ്ടുവന്നയാള്‍ ആശുപത്രി ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രി


പേരാമ്പ്ര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി ഡോ. വന്ദന ദാസ് വൈദ്യപരിശോധനയ്‌ക്കെത്തിയ പ്രതിയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെ വൈദ്യപരിശോധനകള്‍ക്കായി പ്രതികളെ കൊണ്ടുവരുമ്പോള്‍ കൈവിലങ്ങ് വെയ്ക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷിതത്വം പൂര്‍ണമായും ഇതു മാത്രം മതിയാവില്ലെന്നാണ് ഇന്നലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

ചികിത്സയ്ക്കായി പൊലീസ് കൊണ്ടുവന്ന വ്യക്തി ആശുപത്രിയില്‍ അക്രമാസക്തനാവുകയായിരുന്നു. ഇയാള്‍ ഏതെങ്കിലും കേസിലെ പ്രതി ചേര്‍ക്കപ്പെട്ടയാളല്ലാത്തതിനാല്‍ പൊലീസിന് കൈവിലങ്ങ് അണിയിച്ച് കൊണ്ടുവരാന്‍ നിയമപ്രകാരം തടസമുണ്ടായിരുന്നു. പൊലീസുകാരും ആശുപത്രിയിലെ ജീവനക്കാരും കൃത്യസമയത്ത് ഇടപെട്ടതിനാലാണ് അപകട സാഹചര്യം ഒഴിവായത്.

ആശുപത്രികളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ആര്‍.എം.ഒ ഡോ. അഫ്‌സല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. സുരക്ഷിതത്വത്തെക്കുറിച്ച് ഭയമില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണം. രാത്രികാലങ്ങളിലൊക്കെ സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്നതിന് സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. പ്രതിയ്‌ക്കെതിരെ ആശുപത്രി സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ചുമത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഇന്നലെ കൊയിലാണ്ടി പൊലീസ് സ്വീകരിച്ച സമീപനത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. അക്രമാസക്തനായ ആളെ ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരുമെല്ലാമുള്ള ആശുപത്രിയില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് പൊലീസ് കൊണ്ടുവന്നതെന്നാണ് ജീവനക്കാര്‍‌ പേരാമ്പ്ര
ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.