‘ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ രക്തം ഛർദിക്കാൻ തുടങ്ങി’; കണ്ണൂരിൽ ടോൺസലൈറ്റിസ് ശസ്ത്രക്രിയ കഴിഞ്ഞ 17കാരൻ മരിച്ചത് ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് കുടുംബം; മുഖ്യമന്ത്രിക്ക് പരാതി നൽകി
കണ്ണൂര്‍: ടോൺസലൈറ്റിസ് ശസ്ത്രക്രിയക്ക് വിധേയനായ കണ്ണൂരിലെ പതിനേഴുകാരന്‍ മരിച്ചത് ഡോക്ടറുടെ ഗുരുതര അനാസ്ഥ മൂലമെന്ന് കുടുംബം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കണ്ണാടിപറമ്പ് സ്വദേശി സൂര്യജിത്തിന്റെ മാതാപിതാക്കളാണ് മകന്റെ മരണത്തില്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഒരു രാത്രി മുഴുവൻ രക്തം ഛർദിച്ചിട്ടും മതിയായ ചികിത്സ നൽകിയില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
ഈ വർഷം ജൂലൈ പതിനേഴിനായിരുന്നു കണ്ണൂരിലെ ക്ലിനിക്കിൽ സൂര്യജിത്തിന് ശസ്ത്രക്രിയ നടത്തിയത്. രണ്ട് ദിവസത്തിന് ശേഷം വായിൽ നിന്ന് രക്തം വന്നു. ഡോക്ടർ നിർദേശിച്ചത് പോലെ ഐസ് വച്ചപ്പോൾ രക്തസ്രാവം നിന്നു. എന്നാൽ പിറ്റേ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ കുട്ടി രക്തം ഛർദിച്ചുവെന്നാണ് സൂര്യജിത്തിന്റ അമ്മ പറയുന്നത്. അപ്പോള്‍ ഡോക്ടറെ വിളിച്ചപ്പോള്‍ ഉടന്‍ തന്നെ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിക്കാന്‍ പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സൂര്യജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഡോക്ടറെത്തി പരിശോധിച്ചെങ്കിലും പ്രശ്മില്ലെന്നാണ് അറിയിച്ചത്.
എന്നാല്‍ ഡോക്ടര്‍ പോയതിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് സൂര്യജിത്ത് വീണ്ടും ഛര്‍ദ്ദിച്ചു. വിവരം ഡോക്ടറെ അറിയിച്ചപ്പോള്‍ തലയണ നെഞ്ചില്‍ വച്ച് കമഴ്ത്തി കിടത്താനായിരുന്നു പറഞ്ഞത്. ശേഷം വയറുവേദനയ്ക്ക് കുട്ടിക്ക് ഒരു ഇഞ്ചക്ഷന്‍ കൊടുക്കുകയായിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ കുട്ടി തണുത്ത് മരവിച്ച നിലയിലായിരുന്നു. പിന്നാലെ ജൂലൈ 23ന് രാവിലെ സൂര്യജിത്തിന്‍റെ മരണം സ്ഥിരീകരിച്ചു. ശസ്ത്രക്രിയയിലെ പിഴവും ഡോക്ടറുടെ അനാസ്ഥയുമാണ് മകന്റ ജീവനെടുത്തതെന്നാണ് കുടുംബം പറയുന്നത്.
ശസ്ത്രക്രിയക്ക് ശേഷമുണ്ടായ മുറിവും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ട് പറയുന്നത്. എന്നാല്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രികളുടെ വിശദീകരണം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
Description: A 17-year-old man who underwent tonsillitis surgery in Kannur died due to negligence, the family said