ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ 15-കാരിയെ വീട്ടിലെത്തിച്ച്‌ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; രണ്ടുപേര്‍ പിടിയിൽ


കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ 15വയസുകാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. ചാലിശ്ശേരി പെരിങ്ങോട് സ്വദേശി അജ്മല്‍ (23), ചങ്ങരംകുളം ആലങ്കോട് മാമാണിപ്പടി സ്വദേശി ഷാബില്‍ (22) എന്നിവരെയാണ് തിരൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചങ്ങരംകുളം പോലീസും ചേര്‍ന്ന് പിടികൂടിയത്.

2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് സ്വദേശിനിയായ 15-കാരിയെ അജ്മല്‍ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് പെരിങ്ങോടുള്ള അജ്മലിന്റെ വീട്ടിലെത്തിച്ച്‌ കഞ്ചാവ് നല്‍കി മയക്കിയതിന് ശേഷം ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന്, ഇയാളുടെ സുഹൃത്തായ ആലങ്കോട് സ്വദേശി ഷാബിലും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു.

സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടിയെ അസ്വാഭാവികമായ പെരുമാറ്റത്തെ തുടര്‍ന്ന് മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിച്ചു. രണ്ടു വർഷത്തിന് ശേഷം നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു.

തിരൂര്‍ ഡി.വൈ.എസ്.പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും ചങ്ങരംകുളം പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ഇപ്പോള്‍ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Summary: A 15-year-old native of Kozhikode whom she met through Instagram was brought home and tortured with ganja; Two arrested