കുറ്റ്യാടിയില്‍ കാറില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെയടക്കം വാഹനവുമായി കടന്നുകളഞ്ഞു; യുവാവ് അറസ്റ്റില്‍


കുറ്റ്യാടി: കുറ്റ്യാടിയില്‍ കുഞ്ഞ് കാറില്‍ ഉറങ്ങിക്കിടക്കെ വാഹനവുമായി കടന്നുകളഞ്ഞ യുവാവ് പിടിയില്‍. അടുക്കത്ത് ആശാരിപറമ്പില്‍ വിജീഷിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചതിരിഞ്ഞാണ് കാറില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. കുന്നമംഗലം സ്വദേശികളായ ദമ്പതികളുടെ മകളെയാണു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

വിജീഷ് ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം. പെണ്‍കുട്ടിയുടെ അമ്മയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. ബേക്കറിയില്‍ നിന്ന് സാധനം വാങ്ങുന്നതിന് അടുത്ത് വാഹനം നിര്‍ത്തി. കുട്ടി കാറില്‍ ഉറങ്ങുന്നതിനാല്‍ കാര്‍ ഓണ്‍ ചെയ്ത് എസി ഇട്ടിരുന്നു. ദമ്പതികള്‍ സാധനം വാങ്ങുന്നതിനിടെ വിജീഷ് കാര്‍ ഓടിച്ചു പോയി. പെണ്‍കുട്ടി കാറില്‍ ഉറങ്ങുന്നത് വിജീഷ് അറിഞ്ഞിരുന്നില്ലെന്നാണു വിവരം.

കാറുമായി അജ്ഞാതന്‍ പോകുന്നത് കണ്ട ദമ്പതികള്‍ നാട്ടുകാരുടെ സഹായത്തോടെ വാഹനം പിന്തുടര്‍ന്നു. ഏറെ ദൂരം പോകുന്നതിന് മുന്‍പ് നാട്ടുകാര്‍ കാര്‍ തടഞ്ഞു. വളരെ പതുക്കെയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. തുടര്‍ന്ന് പൊലീസെത്തി വിജീഷിനെ കസ്റ്റഡിയില്‍ എടുത്തു.

ദമ്പതികളും പെണ്‍കുട്ടിയും ഏതാനും ആഴ്ച മുന്‍പാണ് ഗള്‍ഫില്‍ നിന്നെത്തിയത്. മൂത്തകുട്ടി കുറ്റ്യാടിയിലെ അമ്മവീട്ടില്‍ നിന്നാണ് പഠിക്കുന്നത്.

Summary: A 10-year-old girl who was sleeping in the car at Kuttiadi was run over with the vehicle