900 കണ്ടി; വയനാടിന്‍റെ അറിയപ്പെടാത്ത പറുദീസയിലേക്ക്


സ്വന്തം ലേഖകന്‍

യാത്രയുടെ അവസാനം വന്‍ കാഴ്ചകള്‍ വേണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് 900 കണ്ടി യാത്ര അനുയോജ്യമാവില്ല. കാട്ടിലൂടെയുള്ള ഒരു ലൈറ്റ് ട്രെക്കിംഗ് ഡ്രൈവ് ഉദ്ദേശിക്കുന്നവര്‍ക്ക് പറ്റിയ യാത്രയാവുമിത്. ടൂ വീലറിലോ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങളിലോ പോവാം. ആ യാത്ര തന്നെയാണ് അനുഭവം എന്നിരുന്നാലും അവസാനം ചെറുതും മനോഹരവുമായ ഒരു വെള്ളച്ചാട്ടത്തിന്റെ സമ്മാനം കൂടെ കരുതിവെക്കുന്നുണ്ട് 900.

വയനാട്ടിലെ മേപ്പാടിയില്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള റോഡില്‍ കള്ളാടി കഴിഞ്ഞ് 50 അടി മാറി വലത്തോട്ടുള്ള വഴി പിടിച്ചാല്‍ 900 ത്തിലേക്കുള്ള പാതയിലെത്തി. റോഡ് ദുര്‍ഘടമാണ്. കാറില്‍ യാത്ര അസാധ്യം. ഗട്ടര്‍റോഡ് പതിയെ കോണ്‍ക്രീറ്റ് റോഡിന് വഴിമാറുന്നതോടെ യാത്ര സുഗമമാവുമെങ്കിലും കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ഇരു വശത്തും ഇടതൂര്‍ന്ന് വളര്‍ന്ന കാടിന്റെ ഭംഗി ആസ്വദിച്ചുള്ള ഈ ഡ്രൈവ് തന്നയാണ് യാത്രയുടെ ഭംഗി.

അതിരാവിലെ കയറിത്തുടങ്ങിയാല്‍ മഞ്ഞിലൂടെയുള്ള യാത്രയുടെ മാസ്മരികതയും അനുഭവിച്ചറിയാനാവും. അധികം സഞ്ചാരികളില്ലാത്ത ഇടമായതിനാല്‍ കാടിനെ സുരക്ഷിതമായി ഒറ്റയ്ക്ക് ആസ്വദിക്കാനുള്ള അവസരമാണിത്. കാട്ടരുവിയുടെ കളകള ശബ്ദം കേള്‍ക്കാറാവുമ്പോഴേക്ക് ഏറെക്കുറെ കുത്തനെയുള്ള റോഡിലെത്തിയിട്ടുണ്ടാവും. കയറ്റം കയറിച്ചെന്നാലാണ് വെള്ളച്ചാട്ടം.

സ്വകാര്യ സ്ഥലത്തേക്കുള്ള പ്രവേശനകവാടത്തിനടുത്ത് വാഹനം പാര്‍ക്ക് ചെയ്ത് നടന്ന് കയറുകയാണെങ്കില്‍ റോഡില്‍ വാഹനം നിര്‍ത്തിയിടുന്നത് ഒഴിവാക്കാം. റോഡിന് വലതുഭാഗത്ത് കുറ്റിക്കാടിനിടയിലൂടെയുള്ള ചെറിയ വഴിയിലൂടെ സൂക്ഷിച്ച് ഇറങ്ങിയാല്‍ വെള്ളച്ചാട്ടം വരെ ഇറങ്ങാനാവും. പറ്റിയാല്‍ നല്ലൊരു കുളിയും പാസാക്കാം. അതിരാവിലെ വെള്ളത്തിന് ഐസോളം തണുപ്പാണ്. ആഴവും പാറയിലെ വഴുവഴുപ്പും ശ്രദ്ധിക്കണം. റോഡിലൂടെ തന്നെ വെള്ളച്ചാട്ടത്തിന് മുകളിലെ സ്വച്ഛമായ അരുവിയിലുമെത്താം.

വാഹനത്തില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ അട്ടയുടെ ആക്രമണം തുടങ്ങും ഒന്നും രണ്ടുമായിരിക്കില്ല, ചില ഇടങ്ങളില്‍ തുരുതുരാ അട്ടകള്‍ കാലില്‍ കയറും. ദയവ് ചെയ്ത് തീപ്പെട്ടിയും കൊണ്ട് കാട് കയറരുത്. ചെറുനാരങ്ങയോ ഉപ്പോ കയ്യില്‍ കരുതാം. വൈകുന്നേത്തോടെ നിര്‍ബന്ധമായും തിരിച്ചിറങ്ങണം. അതുവരെ കണ്ട കാടായിരിക്കില്ല ശേഷം. കോഴിക്കോട്ടുകാര്‍ക്ക് ഒറ്റദിവസം കൊണ്ട് പോയി അറിഞ്ഞ് അനുഭവിച്ച് തിരിച്ചെത്താന്‍ സാധിക്കുന്ന നല്ലൊരു യാത്രാനുഭവമായിരിക്കും 900.