ചോറോട് കാറിടിച്ച് ഒമ്പതുവയസുകാരി കോമയിലായ സംഭവം; പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
വടകര: ചോറോട് കാറിടിച്ച് വയോധിക മരിക്കുകയും ഒമ്പതുവയസുകാരി കോമയിലാവുകയും ചെയ്ത കേസിലെ പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് സെഷൻസ് കോടതിയാണ് വിധി പറയുക. അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ കുറ്റങ്ങളാണ് ഷജീലിനെതിരെയുള്ളത്.
അതേ സമയം വിദേശത്തുള്ള ഷജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയാണ് ചോറോട് വച്ച് ഷജീൽ ഓടിച്ച കാർ ഇടിച്ച് 62 വയസുകാരി മരിക്കുകയും കൊച്ചുമകൾ ദൃഷാന അബോധാവസ്ഥയിൽ ആകുകയും ചെയ്തത്. ചോറോട് നിന്ന് ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ ദൃഷാനേയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടശേഷം നിർത്താതെ പോയ കാർ പത്ത് മാസങ്ങൾക്ക് ശേഷം കഴിഞ്ഞാഴ്ചയാണ് കണ്ടെത്തിയത്.
അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി പ്രതി പിന്നിട് കാർ രൂപമാറ്റം വരുത്തി. അപകട സമയത്തെ പോലീസിന് കിട്ടിയ സിസിടിവി ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇൻഷുറൻസ് ക്ലയിം ചെയ്യാൻ വന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്.
Description: 9-year-old girl was hit by a vehicle in the case: verdict on accused Shajeel's anticipatory bail today