സ്കൂൾ വിട്ട് സുഹൃത്തിനൊപ്പം നടന്നുപോകവെ ഒഴുക്കിൽപെട്ടു, അപകടം മീനച്ചിലാറ്റിന് 25 മീറ്റർ അകലെ; ആറാംക്ലാസ് വിദ്യാർത്ഥിനിയെ സാഹസികമായി രക്ഷിച്ച് നാട്ടുകാർ (വീഡിയോ കാണാം)
കോട്ടയം: കോട്ടയത്ത് ഒഴുക്കിൽപെട്ട വിദ്യാർത്ഥിയെ സാഹസികമായി രക്ഷിച്ച് നാട്ടുകാർ. മഴവെള്ളത്തിൽ ഒഴുക്കിൽപെട്ട തണ്ണീർപ്പാറ ചെറിയിടത്തിൽ സന്തോഷിന്റെ മകൾ കാവ്യാമോളെയാണ് നാട്ടുകാരും യാത്രക്കാരും ചേർന്ന് രക്ഷിച്ചത്. പൂഞ്ഞാർ പനച്ചിപ്പാറയിൽ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്.
എസ്.എം.വി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാവ്യ. സുഹൃത്തിനൊപ്പം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടയിൽ ഒഴുക്കിൽപെടുകയായിരുന്നു. കനത്ത മഴയിൽ വാഹനത്തിന് കടന്നുപോകാനായി റോഡരികിലേക്ക് മാറി നിൽക്കുന്നതിനിടയിൽ ഓടയിൽ വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും, ഇതുവഴി നടന്നെത്തിയവരും ചേർന്നാണ് കുട്ടിയെ വെള്ളക്കെട്ടിൽ നിന്ന് രക്ഷിച്ച് പുറത്തെത്തിച്ചത്.
കനത്ത മഴപെയ്തതിനാൽ ശക്തിയിലാണ് വെള്ളം ഒഴുകിയെത്തിയിരുന്നത്. വെള്ളക്കെട്ടിൽ വീണെങ്കിൽ ആഴം കുറവായത് സഹായമായി. അപകടം നടന്ന സ്ഥലത്തുനിന്ന് മീനച്ചിലാറ്റിലേക്ക് കേവലം 25-മീറ്റർ മാത്രമാണ് ദൂരം. സഹകരണ ബാങ്കിന് സമീപം റോഡിന്റെ അടിയിലൂടെയുള്ള കലുങ്കിനുള്ളിൽ പതിക്കുന്നതിന് മുൻപ് കുട്ടിയെ രക്ഷപ്പെടുത്തിയതിനാലാണ് വൻ അപകടം ഒഴിവായത്. ആശുപത്രിയിൽ എത്തിച്ച ശേഷം പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കുട്ടിയെ വിട്ടയച്ചു.
വീഡിയോ കാണാം:
Summary: 6th standerd student gets lost in currents on flooded roadside while walking rescued by locals in Kottayam.