തൃശൂര്‍ മാളയില്‍ എൺപത്തെട്ടുകാരനെ പരിചരിക്കാനെത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി; കേസില്‍ അറുപത്തേഴുകാരൻ അറസ്റ്റിൽ


മാള: കിടപ്പ് രോഗിയായ എൺപത്തെട്ടുകാരനെ പരിചരിക്കാന്‍ വീട്ടുകാര്‍ ചുമതലപ്പെടുത്തിയ അറുപത്തേഴുകാരൻ രോഗിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിൽ. പുത്തൻചിറ ചക്കാലയ്ക്കൽ മത്തായിയെ(67)യാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.

മക്കള്‍ വിദേശത്തായതിനാല്‍ അച്ഛന്റെ ദൈനെദിന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഏര്‍പ്പെടുത്തിയതാണ് മത്തായിയെ. ഇരുവരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മത്തായിയുടെ പീഡനത്തെത്തുടര്‍ന്ന് അവശനിലയിലായ എൺപത്തെട്ടുകാരനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങി.

പിന്നീട് മുറിയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് ലൈംഗികമായി പീഡനത്തിനിരയാക്കുന്നതിന്റെയും ദേഹോപദ്രവമേൽപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ കിട്ടിയത്. ജനുവരി ഒന്നിനായിരുന്നു സംഭവം. പിന്നീട് പാലിയേറ്റീവ് കെയറിൽ ചികിത്സയിലിരിക്കെയാണ് ഫെബ്രുവരിയിൽ മരിച്ചത്.

എസ്.എച്ച്.ഒ.സജിൻശശിയുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ വി.വി. വിമൽ, സി.കെ. സുരേഷ്, ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടന്നത്.