25 വേദികള്‍, പതിനയ്യായിരത്തോളം മത്സരാര്‍ത്ഥികള്‍; 63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി, രജിസ്ട്രേഷൻ സെന്റർ, മത്സര സ്ഥലങ്ങളുടെ ലൊക്കേഷൻ എന്നിവയറിയാന്‍ ക്യൂ ആർ കോഡ് സംവിധാനം


തിരുവനന്തപുരം: 63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത്‌ ജനുവരി 4 നാലിന്‌ തിരി തെളിയും. കലോത്സവത്തിനെത്തുന്ന മൽസരാർഥികൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സമഗ്രമായി അറിയാൻ ഇത്തവണ ക്യൂ ആർ കോഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്‌. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ ഓരോ ജില്ലയിലെയും മത്സരാർഥികൾക്ക് അനുവദിച്ചിട്ടുള്ള താമസസ്ഥലം, രജിസ്ട്രേഷൻ സെന്റർ, ഭക്ഷണസ്ഥലം തുടങ്ങിയവയുടെ വിശദാംശങ്ങൾ അറിയാൻ സാധിക്കും.

കൂടാതെ, നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ, താമസസ്ഥലത്തിന്റെ ഫോൺ നമ്പർ, താമസ സ്ഥലത്തിന്റെ ലൊക്കേഷൻ, കലോത്സവത്തിന്റെ ബ്രോഷർ, മത്സര സ്ഥലങ്ങളുടെ ലൊക്കേഷൻ, നോട്ടീസ് എന്നിവയും ക്യൂ ആർ കോഡിലൂടെ അറിയാം.ക്യൂ ആർ കോഡ് സംവിധാനത്തിന്റെ പ്രകാശനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

താമസ സൗകര്യം ആവശ്യമുള്ള മത്സരാർഥികൾക്ക് ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യുന്ന സമയത്ത് തന്നെ അത് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മത്സരരാർത്ഥികൾക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി 25 സ്‌കൂളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം താമസ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

കൂടാതെ 10 സ്‌കൂളുകൾ റിസർവ്വായും കരുതിയിട്ടുണ്ട്. എല്ലാ താമസ സ്ഥലങ്ങളിലും അധ്യാപകരെ രണ്ട് ഷിഫ്റ്റായി ഡ്യട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. കൂടാതെ പെൺകുട്ടികൾ താമസിക്കുന്ന സ്‌കൂളുകളിൽ വനിതാ പോലീസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും മത്സരവേദികൾ, റൂട്ട്മാപ്പ് തുടങ്ങിയവ പ്രദർശിപ്പിക്കും.

കലോത്സവത്തിന്റെ ക്യുആർ കോഡ്

രജിസ്ട്രേഷൻ നാളെ മുതൽ

സ്‌കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിരുവനന്തപുരം എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ നാളെ രാവിലെ (ജനുവരി 3) 10 മുതൽ ആരംഭിക്കും. 7 കൗണ്ടറുകളിലായി 14 ജില്ലകൾക്കും പ്രത്യേകം രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം ഹെൽപ്പ് ഡെസ്‌ക്കും ക്രമീകരിച്ചിട്ടുണ്ട്. നാളെ മുതൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന മത്സരാർത്ഥികളെ രജിസ്ട്രേഷൻ കൗണ്ടറിലേക്കും, താമസ സ്ഥലത്തേക്കും, ഭക്ഷണപന്തലിലേക്കും എത്തിക്കുന്നതിന് ഗതാഗത സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് മേളയ്ക്കെത്തുന്ന വാഹനങ്ങളിൽ പ്രത്യേക തിരിച്ചറിയൽ കോഡുകളോട് കൂടിയ സ്റ്റിക്കറുകൾ പതിക്കും.

Description: 63rd State School Arts Festival on 4th January