കുഞ്ഞ് ഇവാന് വേണ്ടി അവര്‍ സമാഹരിച്ചു ആറ് ലക്ഷം രൂപ; ഗുഡ്‌സ് അസോസിയേഷന്റെ സ്‌ക്രാപ്പ് ചലഞ്ചിനായി രംഗത്തിറങ്ങിയത് നൂറിലേറെ തൊഴിലാളികള്‍
പേരാമ്പ്ര: അപൂര്‍വ്വ രോഗമായ എസ്.എം.എ ബാധിച്ച ഒന്നര വയസുകാരന്‍ മുഹമ്മദ് ഇവാന് വേണ്ടി സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും പണം സമാഹരിക്കുകയാണ് നാട്ടുകാര്‍. ഇവാന്റെ പുഞ്ചിരി നിലനിര്‍ത്താനായി പതിനെട്ട് കോടി രൂപയുടെ മരുന്നാണ് വേണ്ടത്. പുറവൂര്‍ ഗുഡ്‌സ് അസോസിയേഷന്‍ സ്‌ക്രാപ്പ് ചലഞ്ച് നടത്തിയാണ് ഇവാന് വേണ്ടി തങ്ങളാല്‍ കഴിയുന്ന തുക നല്‍കിയത്.
അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാരാണ് കഴിഞ്ഞ ദിവസം ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയത്. 55 ഓളം വണ്ടികളിലായി 110 തൊഴിലാളികളും രംഗത്തിറങ്ങിയതോടെ സ്‌ക്രാപ്പ് ചലഞ്ച് ഉഷാറായി.
ഇവര്‍ ഒറ്റ ദിവസം കൊണ്ട് 574461 രൂപയാണ് ആക്രി വിറ്റ് സമാഹരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്ന് മാത്രമല്ല, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നും ആക്രി സാധനങ്ങള്‍ ശേഖരിച്ചിരുന്നു.
സ്‌ക്രാപ്പ് ശേഖരിക്കുന്ന തൊഴിലാളികള്‍ തങ്ങളുട അഞ്ച് ദിവസത്തെ വേതനവും ചികിത്സാ ഫണ്ടിലേക്ക് നല്‍കി. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി സ്‌ക്രാപ്പ് ചലഞ്ച് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്തംഗം കെ.എം.ഇസ്മായില്‍ അധ്യക്ഷനായി. പഞ്ചായത്തംഗം ആതിര, പുത്തലത്ത് യുസഫ്, കെ.വി.നവാബ്, ഉബൈദ് പുത്തലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
രണ്ട് മാസത്തിനുള്ളില്‍ പതിനെട്ട് കോടി രൂപയുടെ മരുന്ന് ഇവാന് നല്‍കേണ്ടതുണ്ട്. അതിനാലാണ് നാടാകെ കൈകോര്‍ത്ത് ധനസമാഹരണം നടത്തുന്നത്. പാട്ടുപാടിയും പായസം വിറ്റും സൈക്കിള്‍ മാരത്തോണ്‍ നടത്തിയുമെല്ലാം ആളുകള്‍ ഇവാനു വേണ്ടി രംഗത്തുണ്ട്.
കുഞ്ഞ് ഇവാനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി നമുക്കും സഹായിക്കാം. പണം അയക്കാനുള്ള അക്കൗണ്ട് വിവരങ്ങള്‍ താഴെ:
അക്കൗണ്ട് നമ്പർ: 20470200002625
IFSC: FDRL0002047
ഗൂഗിൾ പേ നമ്പർ: 7034375534 (എൻ.എം.ജാസ്മിൻ)