ഉരുൾപ്പൊട്ടലിൽ കുഞ്ഞ് നഷ്ടപ്പെട്ട അമ്മയായി വേദിയിൽ നിറഞ്ഞാടി, കാണികളുടെ കണ്ണ് ഈറനണിയിച്ചു; ജില്ലാ കലോത്സവം നാടോടിനൃത്തത്തിൽ എ ഗ്രേഡ് നേടി കല്ലാച്ചി ജിയുപി സ്കൂളിലെ അഞ്ചാംക്ലാസുകാരി
കല്ലാച്ചി: വയനാട്, വിലങ്ങാട് ഉരുൾപ്പൊട്ടലിലെ ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ മലയാളിയുടെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല. ഇതിനിടെയാണ് കല്ലാച്ചി ജി യു പി സ്കൂളിലെ പാർവ്വണയുടെ നാടോടി നൃത്തം ശ്രദ്ദേയമായത്. ജില്ലാ കലോത്സവ വേദിയിൽ അരങ്ങേറിയ നാടോടി നൃത്ത മത്സരത്തിൽ ഉരുൾപ്പൊട്ടലിൽ കുഞ്ഞ് നഷ്ടപ്പെട്ട അമ്മയായി പാർവ്വണ നിറഞ്ഞാടി.
നൃത്ത പരിശീലകൻ സുരേന്ദ്രൻ കല്ലാച്ചിയാണ് പാർവ്വണയ്ക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയതെന്ന് പാർവ്വണയുടെ അമ്മ ദിംന വടകര ഡോട് ന്യൂസിനോട് പറഞ്ഞു. പത്തുവയസുകാരിയുടെ മുഖത്ത് കുഞ്ഞ് നഷ്ടപ്പെട്ട അമ്മയുടെ ഭാവങ്ങൾ നിഷ്പ്രയാസം മിന്നിമാഞ്ഞു. ചുവടുകളും താളങ്ങളും എല്ലാം കൃത്യമായി. എ ഗ്രേഡാണ് ഈ മിടുക്കിക്ക് വിധികർത്താക്കൾ നൽകിയത്. മോണോ ആക്ടിലും ജില്ലാ തലത്തിൽ എ ഗ്രേഡ് ഉണ്ട്. അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങൾ എന്നതായിരുന്നു മോണോ ആക്ട് അവതരിപ്പിക്കാൻ വിഷയമായി തെരഞ്ഞെടുത്തത്.
നാല് വർഷമായി പാർവ്വണ നൃത്തം അഭ്യസിക്കുന്നുണ്ട്. ഉപജില്ലയിൽ ഭരതനാട്യത്തിലും മത്സരിച്ചിരുന്നു. കല്ലാച്ചി പയന്തോങ് സ്വദേശി മാട്ടാം പൊയിലോത്ത് മീത്തൽ സജിയാണ് അച്ഛൻ.