ഏഴു നില കെട്ടിടം, ഓപ്പറേഷന്‍ തീയറ്റര്‍, അത്യാധുനിക സൗകര്യങ്ങളിലേക്ക് മാറാനൊരുങ്ങി പേരാമ്പ്ര താലൂക്ക് ആശുപത്രി; വികസനത്തിനായി 56 കോടിയുടെ കിഫ്ബി ഫണ്ടിന് അനുമതി


പേരാമ്പ്ര: പേരാമ്പ്ര താലൂക്കാശുപത്രിയുടെ വികസനത്തിനായി 56 കോടിയുടെ ഫണ്ടിന് അനുമതി ലഭിച്ചതായി എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. കിഫ്ബിയുടെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. ഫണ്ട് ഇപയോരിച്ച് ആശുപത്രിയില്‍ പുതിയതായി 90,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ 7 നില കെട്ടിടം നിര്‍മ്മിക്കും. ഇതില്‍ റിസപ്ഷന്‍, വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയറ്റര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് പ്രധാനമായും സജ്ജീകരിക്കുക.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനമെന്നും അറിയിച്ചു. ദിനം തോറും നിരവധി പേരാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. പുതിയ സൌകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്ർ ഉപകാരപ്രദമാവുമെന്ന് വിശ്വസിക്കുന്നതായും എം.എല്‍.എ പറഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രി ഉള്‍പ്പെടെ സംസ്ഥാനത്ത് എട്ട് ആശുപത്രികള്‍ക്കായി 605 കോടിയുടെ പദ്ധതികള്‍ക്കും കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്.

കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രി 91.88 കോടി, തൃശൂര്‍ കുന്നംകുളം താലൂക്ക് ആശുപത്രി 76.51 കോടി, മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രി 36.19 കോടി, കണ്ണൂര്‍ ജില്ലാ ആശുപത്രി 10.70 കോടി, എറണാകുളം കോതമംഗലം താലൂക്കാശുപത്രി 11.21 കോടി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 43.75 കോടി, തൃശൂര്‍ മെഡിക്കല്‍ കോളേജ് മദര്‍ ആന്റ് ചൈല്‍ഡ് ബ്ലോക്ക് 279.19 കോടി എന്നിങ്ങനെയാണ് കിഫ്ബി അനുമതി ലഭിച്ച മറ്റ് ആശുപത്രികള്‍.

summary: 56 crores sanctioned for the development of Perampra Taluk Hospital