53 പുതുമുഖങ്ങള്‍ക്ക് ഇന്ന് പ്രവേശനോത്സം; പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്നുമുതൽ


തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച തുടങ്ങും. 53 പുതുമുഖ ങ്ങൾക്ക് പ്രവേശനോത്സവമാകും. രാവിലെ ഒമ്പതിന് പ്രോടെം സ്പീക്കർ പി.ടി.എ. റഹീമിനു മുമ്പാകെയാണ് സത്യപ്രതിജ്ഞ. അക്ഷരമാലാ ക്രമത്തിൽ അംഗങ്ങളെ ക്ഷണിക്കും. ആദ്യദിവസം സത്യപ്രതിജ്ഞ മാത്രമേയുള്ളൂ. സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.

കോവിഡ് ബാധയും ക്വാറന്റീനും കാരണം ചില അംഗങ്ങൾക്ക് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാവില്ല. കെ.ബാബു, എ.വിൻസെന്റ് എന്നിവർ എത്താനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. ചൊവ്വാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക തിങ്കളാഴ്ച ഉച്ചവരെ നൽകാം. ഭരണമുന്നണി സ്ഥാനാർഥി എം.ബി. രാജേഷാണ്. പ്രതിപക്ഷം മത്സരിക്കുമോ എന്നു തീരുമാനമായിട്ടില്ല.

26-നും 27-നും സഭ ചേരില്ല. 28-ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാന നയപ്രഖ്യാപനം. സർക്കാർ തുടരുന്നതിനാൽ ആ പ്രഖ്യാപനങ്ങൾ തന്നെ ആവർത്തിക്കുമോ, പുതിയ പരിപാടികൾ പ്രഖ്യാപിക്കുമോ എന്നാണ് അറിയാനുള്ളത്. പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജൂൺ നാലിന് അവതരിപ്പിക്കും. ജൂൺ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും കോവിഡ് സാഹചര്യം വിലയിരുത്തിയാവും കാര്യങ്ങൾ.

പതിന്നാലാം കേരളനിയമസഭയിലെ 75 പേർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനു മുമ്പുള്ള മറ്റു നിയമസഭകളിൽ അംഗമായിരുന്ന 12 പേരും ഈ സഭയിലുണ്ട്. ഉമ്മൻചാണ്ടിയാണ് സീനിയർ. അദ്ദേഹം 12-ാം തവണയാണ് തുടർച്ചയായി സഭയിലെത്തുന്നത്. പുതുതായി എത്തുന്നവർക്ക് സഭാ നടപടികൾ പരിചയപ്പെടുത്തേണ്ടതുണ്ട്. ഇവരെ ഒരുമിച്ചിരുത്തുന്നത് ഒഴിവാക്കാൻ പഠനം ഓൺലൈനിലാക്കിയാലോ എന്ന് നിയമസഭാ സെക്രട്ടേറിയറ്റ് ആലോചിക്കുന്നുണ്ട്.