5000 രൂപവരെ കര്‍ഷക പെന്‍ഷന്‍: രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതെങ്ങനെ? പെന്‍ഷന്‍ ആര്‍ക്കൊക്കെ? അറിയാം വിശദമായി


തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് 5000 രൂപവരെ പെന്‍ഷന്‍ ലഭിക്കാനുള്ള രജിസ്‌ട്രേഷന്‍ ഡിസംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. ഇതിനായി പ്രത്യേകം തയ്യാറാക്കിയ http://kfwfb.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശിപ്പിക്കും. ബുധനാഴ്ച മുതല്‍ ഈ പോര്‍ട്ടലിലൂടെ കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ കര്‍ഷകര്‍ക്ക് അംഗത്വമെടുക്കാം. അപേക്ഷിക്കുമ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസായി നൂറുരൂപ അടയ്ക്കണം. നിലവില്‍ കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ഇനി മുതല്‍ ക്ഷേമനിധി ബോര്‍ഡ് മുഖേനയാണ് പെന്‍ഷന്‍ ലഭിക്കും.

മാനദണ്ഡങ്ങള്‍:

പതിനെട്ടിനും 55നും ഇടയില്‍ പ്രായമുള്ള, മൂന്നുവര്‍ഷത്തില്‍ കുറയാതെ കൃഷി ഉപജീവനമാര്‍ഗമായി സ്വീകരിച്ചവരായിരിക്കണം.

അഞ്ച് സെന്റില്‍ കുറയാതെയും പതിനഞ്ച് ഏക്കറില്‍ കവിയാതെയും ഭൂമി കൈവശമുള്ളവരായിരിക്കണം

മറ്റേതെങ്കിലും ക്ഷേമനിധിയില്‍ അംഗമല്ലാത്തവരാകണം

അഞ്ചുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരാകണം

നഴ്‌സറി നടത്തിപ്പ്, ഉദ്യാനകൃഷി, ഔഷധ സസ്യക്കൃഷി, എന്നിവ ഉപജീവനമാര്‍ഗമായി സ്വീകരിച്ചവര്‍ക്കും മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, ആട്, മുയല്‍, കന്നുകാലി എന്നിവയെ വളര്‍ത്തുന്നവര്‍ക്കും അപേക്ഷിക്കാം.

അഞ്ചുവര്‍ഷത്തില്‍ കുറയാതെ അംശാദായം അടയ്ക്കുകയും കുടിശികയില്ലാതെ ക്ഷേമനിധിയില്‍ അംഗമായി തുടരുകയും ചെയ്ത കര്‍ഷകര്‍ക്ക് 60 വയസ് കഴിഞ്ഞാല്‍ അടച്ച അംശാദായത്തിന് ആനുപാതികമായി പെന്‍ഷന്‍ ലഭിക്കും.

അഞ്ചുവര്‍ഷം കുടിശികയില്ലാതെ അംശാദായം അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിന് കുടുംബ പെന്‍ഷനും ലഭിക്കും.

ക്ഷേമനിധിയില്‍ അംഗമാകുന്നവര്‍ മാസംതോറും അംശാദായം അടയ്ക്കണം. നൂറുരൂപയാണ് ഏറ്റവും കുറഞ്ഞ പ്രതിമാസ അംശാദായ തുക. 250 രൂപവരെയുള്ള അംശാദായത്തിന് തുല്യമായ വിഹിതം സര്‍ക്കാര്‍കൂടി ക്ഷേമനിധിയിലേക്ക് അടയ്ക്കും. ആറ് മാസത്തെയോ ഒരുവര്‍ഷത്തെയോ തുക ഒന്നിച്ച് അടക്കാനുള്ള സംവിധാനവുമുണ്ട്.