കോഴിക്കോട്ടുകാർ മറന്ന് പോകുന്ന രാഷ്‌ട്രതന്ത്രജ്ഞൻ; വി കെ കൃഷ്ണമേനോന്റെ ഓർമ്മകൾക്ക് 50 വർഷം
കോഴിക്കോട്: രാഷ്‌ട്രതന്ത്രജ്ഞൻ, സ്വാതന്ത്ര്യസമരപോരാളി, ആദ്യ വിദേശമന്ത്രി, രാജ്യാന്തര പ്രശസ്‌തനായ നയതന്ത്രജ്ഞൻ എന്നിങ്ങനെ വി കെ കൃഷ്ണമേനോന് വിശേഷണങ്ങൾ നിരവധി. പക്ഷെ ജന്മനാടായ കോഴിക്കോട് കൃഷ്ണമേനോനെ മറന്ന് പോകുന്നു. രാഷ്‌ട്രതന്ത്രജ്ഞന്റെ ഓർമ നിലനിർത്തുന്ന ഒറ്റ സ്‌മാരകം കോഴിക്കോട്ടില്ലെന്നത് വേദാനാജനകമാണ്. കൃഷ്ണ മേനോന്റെ പേരിൽ ഈസ്റ്റ്‌ഹില്ലിൽ മ്യൂസിയമുണ്ട്. അവിടെ മഹാനായ അദ്ദേഹത്തിന്റെ ഓർമ തുടിക്കുന്ന ഒന്നുമില്ല.
1974 ഒക്ടോബർ ആറിനായിരുന്നു കൃഷ്‌ണമേനോൻ അന്തരിച്ചത്. പന്നിയങ്കരയിൽ അദ്ദേഹം താമസിച്ച വീട് നവീകരിച്ചില്ലെങ്കിൽ നശിക്കുമെന്ന അവസ്ഥയാണ്. മാനാഞ്ചിറയിൽ അദ്ദേഹത്തിന്റെ ഗംഭീരമായ പ്രതിമയുണ്ട്. എന്നാൽ പ്രതിമ ഇവിടെ നിന്നും മാറ്റി നഗര മധ്യത്തിലേക്ക് സ്ഥാപിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ട്.
കൃഷ്ണ മേനോൻ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് തലശ്ശേരിയിലായിരുന്നു . കണ്ണൂരിലുള്ള സർക്കാർ വനിതാകോളേജാണ് സംസ്ഥാനത്ത് അറിയപ്പെടുന്ന കൃഷ്‌ണമേനോൻ സ്‌മാരകം. കുറ്റ്യാടിയിലുള്ള ജാനകിക്കാട് വി കെ കൃഷ്ണ മേനോന്റെ സഹോദരിയുടെ പേരിലാണ് അറിയപ്പെടുന്നതെന്ന് ഭൂരിഭാഗം കോഴിക്കോട്ടുകാർക്ക് പോലും അറിയില്ല.