പേരാമ്പ്ര മേഖലയില്‍ മുടങ്ങിയ കുടിവെള്ള വിതരണം പുനരാരംഭിച്ചു; വെള്ളമെത്തിക്കുന്നത് ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍നിന്ന്


പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ നാല് പഞ്ചായത്തുകളില്‍ മുടങ്ങിയ കുടിവെള്ള വിതരണം പുനരാരംഭിച്ചു. പേരാമ്പ്ര, ചക്കിട്ടപാറ, കൂത്താളി, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് കുടിവെള്ള വിതരണത്തിന് താത്ക്കാലിക പരിഹാരമായത്. ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ പൈപ്പില്‍നിന്ന് താത്കാലികമായി വെള്ളമെത്തിച്ചാണ് പ്രശ്‌നത്തിന് പരിഹാരംകണ്ടത്.

ബദല്‍ സംവിധാനമായി ജപ്പാന്‍ പദ്ധതി പൈപ്പില്‍ നിന്നു പ്രാദേശിക കുടിവെള്ള വിതരണ സംഭരണിയിലേക്ക് ജലം തിരിച്ചു വിടാനുള്ള പണി കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി. ഇതിനായി പെരുവണ്ണാമൂഴിയില്‍ റിസര്‍വോയറിന് സമീപമുള്ള റോഡിലെ ജപ്പാന്‍പദ്ധതിയുടെ പ്രധാന പൈപ്പില്‍ വാള്‍വ് ഉള്ളയിടത്ത് പുതിയ പൈപ്പ് ഘടിപ്പിക്കുകയായിരുന്നു. ഇതിന്റെ പ്രവൃത്തി വെള്ളിയാഴ്ച വൈകീട്ടോടെ പൂര്‍ത്തിയാക്കി. ശനിയാഴ്ച മുതലാണ് ജലവിതരണം തുടങ്ങിയത്.

അണക്കെട്ടില്‍നിന്ന് കനാലിലൂടെ തുറന്നുവിടുന്ന വെള്ളമാണ് റിവര്‍ സര്‍പ്ലസ് ഷട്ടറിന്റെ ഭാഗത്തുള്ള പൈപ്പ് വഴി പമ്പ് ഹൗസിലേക്ക് എത്തിക്കുന്നത്. അണക്കെട്ടിന്റെ മുന്‍ഭാഗത്ത് സപ്പോര്‍ട്ട് ഡാം നിര്‍മ്മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി കനാല്‍ തുടങ്ങുന്ന ഭാഗത്തുനിന്നടക്കം മണ്ണെടുത്ത് മാറ്റിയതോടെയാണ് കുടിവെള്ളവിതരണം തടസപ്പെട്ടത്. ജനുവരി പതിനാല് മുതലാണ് കുടിവെള്ളവിതരണം മുടങ്ങിയത്.

അണക്കെട്ടിന്റെ മുന്‍ഭാഗത്ത് കനാലിലെ പ്രവൃത്തി പൂര്‍ത്തിയാകാന്‍ ഒരുമാസംകൂടി എടുക്കുമെന്നാണ് ജലസേചനവിഭാഗം ജലഅതോറിറ്റിയെ അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ബദല്‍സംവിധാനം ഒരുക്കാന്‍ ജലഅതോറിറ്റി തീരുമാനിക്കുകയായിരുന്നു.