കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (01/12/2021) ഇങ്ങനെ


കോഴിക്കോട്: കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം
ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകളില്‍ സാമ്പത്തിക സഹായം

സാമൂഹ്യനീതി വകുപ്പിന്റെ ‘വര്‍ണ്ണം’ പദ്ധതി പ്രകാരം ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ പഠിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റെഗുലര്‍ പഠനം നടത്താന്‍ സാധിക്കാത്ത ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്നതിനു സാമ്പത്തിക സഹായം അനുവദിയ്ക്കുന്ന പുതിയ പദ്ധതിയാണ് ‘വര്‍ണ്ണം’. കോഴ്സ് രജിസ്ട്രേഷന്‍ മുതല്‍ പരീക്ഷാ ഫീസ് വരെയുള്ള എല്ലാ ചെലവുകള്‍ക്കും പ്രതിവര്‍ഷം പരമാവധി 24,000 രൂപ വരെ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. അപേക്ഷ ഫോം, വിശദവിവരങ്ങള്‍ എന്നിവ സാമൂഹ്യനീതി വകുപ്പിന്റെ www.swd.kerala.gov.in/ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഫോമില്‍ സൂചിപ്പിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം- ജില്ലയില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പന ശാലകള്‍ നാളെയും മറ്റന്നാളും

പൊതുവിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പന ശാലകള്‍ നാളെയും (ഡിസംബര്‍ 2), മറ്റന്നാളും വിവിധയിടങ്ങളില്‍ സര്‍വ്വീസ് നടത്തും. വില്‍പനശാലകളില്‍ നിന്നും 13 ഇനം സബ്സിഡി സാധനങ്ങളും ശബരി ഉല്‍പ്പന്നങ്ങളും ലഭിക്കും. ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് കൈവശം വെക്കണം.

വടകര ഡിപ്പോയ്ക്ക് കീഴില്‍ എടച്ചേരിയിലെ വിതരണം ഇന്ന് രാവിലെ ഒന്‍പതിന് എടച്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഇ.കെ.വിജയന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്യും. സഞ്ചരിക്കുന്ന വില്പന ശാല എത്തിച്ചേരുന്ന തീയതി, സ്ഥലം, സമയം എന്ന ക്രമത്തില്‍ : ഡിസംബര്‍ രണ്ടിന് എടച്ചേരി നോര്‍ത്ത് രാവിലെ ഒന്‍പതിന്, വെള്ളൂര്‍ – 11, അന്തിയേരി – ഉച്ചക്ക് 12.30, ചുഴലി – 2.30. കുറ്റ്യാടി നടുപൊയിലില്‍ വൈകീട്ട് 4.30ന് കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്യും.

ഡിസംബര്‍ മൂന്നിന് രാവിലെ ഒന്‍പതിന് വടകര പുതിയസ്റ്റാന്‍ഡ് പരിസരത്ത് കെ.കെ.രമ ഫ്‌ളാഗ് ഓഫ് ചെയ്യും. സഞ്ചരിക്കുന്ന വില്പന ശാല എത്തിച്ചേരുന്ന സ്ഥലവും സമയവും: പുതുപ്പണം – രാവിലെ 9 മണി, വടകര ബീച്ച് -10.30, പുത്തൂര്‍ -ഉച്ചക്ക് 12, കാര്‍ത്തികപ്പള്ളി -1.30, കീഴല്‍ -3, തിരുവള്ളൂര്‍ – 4.30.കോഴിക്കോട് ഡിപ്പോയ്ക്ക് കീഴിലെ മൊബൈല്‍ വില്‍പനശാലകളുടെ ഫ്‌ളാഗ് ഓഫ് ഇന്ന് രാവിലെ 9.30 ന് നല്ലളം ബസാറില്‍ കോഴിക്കോട് കോര്‍പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി.രാജന്‍ നിര്‍വ്വഹിക്കും. മൊബൈല്‍ വില്‍പനശാലകള്‍ എത്തിച്ചേരുന്ന സ്ഥലവും സമയവും : ഡിസംബര്‍ രണ്ടിന് നല്ലളം 9.30-11.00, പൊക്കുന്ന് 11.30-ഉച്ചക്ക് ഒരു മണി, ഗോവിന്ദപുരം – 1.30-3, കൊമ്മേരി – 3.30-5, മേത്തോട്ടുതാഴം 5.30-7 മണി. ഡിസംബര്‍ മൂന്നിന് ബേപ്പൂര്‍ രാവിലെ 9.30-11, മാറാട് 11.30-ഉച്ചക്ക് ഒരു മണി, ചക്കുംകടവ് 1.30-3, വെള്ളയില്‍ 3.30-5, പുതിയാപ്പ 5.30-ഏഴ് വരെ.

കൊടുവളളി ഡിപ്പോയ്ക്ക് കീഴിലെ മലയോരമേഖലകളിലും ഇന്നും നാളെയും സഞ്ചരിക്കുന്ന സപ്ലൈകോ വില്‍പനശാലകള്‍ പ്രവര്‍ത്തിക്കും. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് കോടഞ്ചേരി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം ലിന്റോ ജോസഫ് എംഎല്‍എ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിക്കും. വില്‍പനശാലകള്‍ എത്തിച്ചേരുന്ന സ്ഥലവും സമയവും : ഡിസംബര്‍ രണ്ടിന് തെയ്യപ്പാറ – രാവിലെ ഒന്‍പതിന്, കണ്ടപ്പന്‍ചാല്‍ -11.00, പളളിപ്പടി-പൂല്ലൂരാംപാറ -ഉച്ചക്ക് 1.30, പൂവാറന്‍തോട് – 3, മരഞ്ചാട്ടി – 5 മണി. ഡിസംബര്‍ മൂന്നിന് കാരമൂല രാവിലെ 9, വല്ലത്തായ്പാറ -11., തേക്കുംകുറ്റി -ഉച്ചക്ക് 1.30 മണി, ചുണ്ടത്തുംപൊയില്‍ -3, മുരിങ്ങംപുറായ് – 5 മണി.

മരം ലേലം

കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിനും പഴയ വനിതാ സെല്‍ കെട്ടിടത്തിനുമിടയില്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ബദാം മരം, ചരല്‍ കൊന്ന എന്നിവ കോഴിക്കോട് സിറ്റി ട്രാഫിക് പരിസരത്ത് ഡിസംബര്‍ ആറിന് കാലത്ത് 11 മണിക്ക് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.

കോവിഡ് ആശുപത്രികളിൽ 1,931 കിടക്കകൾ ഒഴിവ്

ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,599 കിടക്കകളിൽ 1,931 എണ്ണം ഒഴിവുണ്ട്. 135 ഐ.സി.യു കിടക്കകളും 66 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 556 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 366 കിടക്കകൾ, 22 ഐ.സി.യു, 22 വെന്റിലേറ്റർ, 281 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

നാല് സി.എഫ്.എൽ.ടി.സികളിലായി 312 കിടക്കകളിൽ 310 എണ്ണം ബാക്കിയുണ്ട്. ഒരു സി.എസ്.എൽ. ടി.സിയിൽ 181 എണ്ണം ഒഴിവുണ്ട്. 66 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,624 കിടക്കകളിൽ 1,331 എണ്ണം ഒഴിവുണ്ട്.