ഹരിത നേതാക്കളുടെ ലൈംഗിക അധിക്ഷേപ പരാതിയിൽ എംഎസ്എഫ് നേതാവ് പി.കെ നവാസിനെതിരെ കുറ്റപത്രം സമർപ്പിച്ചു


കോഴിക്കോട്: എംഎസ്എഫ് നേതാക്കൾ ലൈംഗിക അധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസിനെതിരെയാണ് കോഴിക്കോട് വെള്ളയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. നവാസിനൊപ്പം ഇയാൾക്കെതിരെയും വനിതാ നേതാക്കൾ പരാതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കുറ്റപത്രത്തിൽ ഇയാളുടെ പേരില്ല. ഈ മാസം 2 നാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ കോടതി നാലിൽ കുറ്റപത്രം സമർപ്പിച്ചത്. ആകെ 18 സാക്ഷികളാണ് കേസിലുള്ളത്. ഐപിസി 354 എ പ്രകാരം ലൈംഗികാധിക്ഷേപം, ഐപിസി 509 പ്രകാരം സ്ത്രീത്വത്തെ അപമാനിക്കൽ എന്നിങ്ങനെയാണ് നവാസിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

എംഎസ്‍എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹരിത നേതാക്കൾ രംഗത്തെത്തിയ മുസ്ലിം ലീഗിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. വനിതാ കമ്മീഷന് മുന്നിലാണ് ഹരിത നേതാക്കൾ പരാതി നൽകിയത്. വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി കൈമാറുകയും തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും റിപ്പോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വെള്ളയിൽ പൊലീസ് കേസ് എടുത്ത് അന്വേഷിച്ചത്.

ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ‘വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും’ എന്ന് പരാമർശിച്ചതായാണ് പരാതിയിൽ പറയുന്നത്. ഇതിന് സമാനമായ രീതിയിലായിരുന്നു അബ്ദുൽ വഹാബിന്‍റെയും പ്രതികരണം.

എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ ഹരിതാ നേതാക്കൾ ആരോപിച്ചിരുന്നു.