400 അടി നീളത്തിൽ അണ്ടർ വാട്ടർ ടണൽ, സാഹസികർക്കായി ഓൾ ടെറൈൻ വെഹിക്കിൾസ്; ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഇന്ന് തുടക്കം


ഇരിങ്ങൽ: പന്ത്രണ്ടാമത് അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് ഇരിങ്ങൽ സർഗാലയിൽ ഇന്ന് തുടക്കമാവും. പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നും, ഇരുപത്തിനാല് സംസ്ഥാനങ്ങളിൽ നിന്നുമായി മുന്നൂറിൽ പരം കലാകാരന്മാരും, ഇരുന്നൂറ് ക്രാഫ്റ്റ് ഹബ്ബുകളും ഉൾകൊള്ളുന്ന പ്രത്യേകം തയ്യാറാക്കിയ ക്രാഫ്റ്റ് തീം വില്ലേജുകൾ, തെയ്യം, ഹാൻഡ്‌ലൂം, ടെറാകോട്ട, സ്‌പൈസസ്, വുഡ് കാർവിങ്, മുള, കളരി, അറബിക്ക് കാലിഗ്രഫി എന്നിവയുടെ സർഗാത്മക സൃഷ്ടികളും ജനുവരി ആറ് വരെ നീണ്ടു നിൽക്കുന്ന മേളയിൽ ഒരുക്കിയിട്ടുണ്ട്‌.

ഇരുപതിൽ കൂടുതൽ സ്റ്റാളുകളിൽ നിറയുന്ന കേരളത്തിന്റെയും, മറുനാടിന്റെയും രുചിവൈവിധ്യങ്ങൾ, ഗെയിമുകൾ, കുട്ടികൾക്കായുള്ള എന്റർടൈൻമെന്റ് സോണുകൾ, ഓൾ ടറൈൻ വെഹിക്കിൾസ്, അണ്ടർവാട്ടർ ടണൽ അക്വേറിയം, പെഡൽ & മോട്ടർ ബോട്ടിങ്, പുസ്തകമേള, കാർട്ടൂൺ സോൺ, ടൂറിസം ടോക്ക്ഷോ തുടങ്ങി വിനോദവും, വിജ്ഞാനവും നിറഞ്ഞ നിരവധി പരിപാടികളും മേളയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

22ന് വൈകിട്ട് ആറ് മണിക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യു.ം കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിക്കും. തീം വില്ലേജ് സോൺ പി.ടി ഉഷ എം.പി ഉദ്ഘാടനം ചെയ്യും. മുതിർന്നവർക്ക് 100രൂപയും 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് 60 രൂപയുമാണ് പ്രവേശന നിരക്ക്‌.